തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടുത്തത്തിൽ ഫയലുകൾ കത്തി നശിച്ച സംഭവത്തിൽ ഇടപെട്ട് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രതിപക്ഷ നേതാവ് നൽകിയ പരാതി ഗവര്‍ണര്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. പരാതികളിന്മേൽ ഉചിതമായ പരിഗണന വേണമെന്ന് ഗവർണ്ണർ മുഖ്യമന്ത്രിയോട് നിർദ്ദേശിച്ചു.
അതേസമയം സെക്രട്ടറിയേറ്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പ്രതിഷേധങ്ങൾ തുടരുകയാണ്. സെക്രട്ടേറിയറ്റിലെ തീപിടിത്തം അട്ടിമറിയല്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് എങ്ങനെ അറിയാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് ചോദിച്ചു. അട്ടിമറിയല്ലെങ്കില്‍ എന്തിനാണ് അന്വേഷണം നടത്തുന്നതെന്നും അദ്ദേഹം ചോദിച്ചു.
തീപിടിത്തത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇന്ന് പോലീസ് പരിശോധിക്കും. അഡീഷണൽ ഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ശേഖരിച്ച തെളിവുകൾ ഇന്ന് കോടതിയിൽ സമർപ്പിക്കും.











