പാറ്റ്ന: റിയ ചക്രവര്‍ത്തി വളരെക്കാലമായി തന്റെ മകനു വിഷം നല്‍കുകയായിരുന്നുവെന്നു ബോളിവുഡ് നടന് സുശാന്ത് സിംഗ് രജ്പുത്തിന്റെ പിതാവ് കെ.കെ. സിംഗ്. റിയയെയും സഹായികളേയും അന്വേഷണ ഏജന്‍സി ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
റിയ ചക്രവര്‍ത്തി എന്റെ മകന് ഏറെ നാളുകളായി വിഷം നല്‍കിയിരുന്നു. അവളാണു കൊലപാതകി. അവളെയും കൂട്ടാളികളെയും അന്വേഷണ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യണം- കെ.കെ. സിംഗ് എഎന്‍ഐ വാര്‍ത്താ ഏജന്‍സിക്കു നല്കിയ അഭിമുഖത്തില്‍ പറയുന്നു.
കഴിഞ്ഞ ദിവസം പുറത്തുവന്ന ചാറ്റുകളുടെ അടിസ്ഥാനത്തില്‍ റിയയ്ക്കെതിരെ നര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ കേസെടുത്തതിന്റെ പശ്ചാത്തലത്തിലാണു സുശാന്തിന്റെ പിതാവിന്റെ ആരോപണങ്ങള്‍. ഗൗരവ്, ജയ ഷാ എന്നീ ഡ്രഗ് ഡീലര്‍മാരുമായി റിയ നടത്തിയെന്നു പറയപ്പെടുന്ന ചാറ്റുകളാണ് പുറത്തുവന്നിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശേഖരിച്ച റിയയുടെ വാട്സ്ആപ്പ് ചാറ്റില്‍നിന്നാണ് ലഹരിമരുന്ന് ഉപയോഗത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്. ഇതുമായി ബന്ധപ്പെട്ട എല്ലാവരെയും എന്‍ബിസി ചോദ്യം ചെയ്യും.
റിയയ്ക്കെതിരേ സിബിഐ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് സുശാന്തിന്റെ സഹോദരി ശ്വേത സിംഗ് കൃതിയും രംഗത്തെത്തിയിട്ടുണ്ട്. റിയ മാധ്യമശ്രദ്ധ നേടാന്‍ പല ശ്രമങ്ങളും നടത്തുന്നുണ്ടെന്നും എത്രയും പെട്ടെന്ന് നടിയെ അറസ്റ്റ് ചെയ്യണമെന്നുമായിരുന്നു ശ്വേതയുടെ ട്വീറ്റ്.
Discussion about this post