ന്യൂഡൽഹി: കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കുള്ള പ്രിയ വർഗീസിന്റെ നിയമനം നിലനിൽക്കില്ലെന്ന നിലപാടിലുറച്ച് യുജിസി. പ്രിയ വർഗീസിന്റെ നിയമനം ചട്ടങ്ങൾ പാലിച്ചല്ലെന്ന് യുജിസി ആവർത്തിച്ചു. കേരള സർക്കാരിന്റെ സത്യവാങ്മൂലത്തിന് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത മറുപടിയിലാണ് യുജിസി ഇക്കാര്യം വ്യക്തമാക്കിയത്.
സർവകലാശാല നിയമനങ്ങൾക്ക് പാലിക്കേണ്ടത് യുജിസി നിയമങ്ങളാണ്. കേന്ദ്ര ചട്ടങ്ങളിൽ നിന്നും വ്യതിചലിയ്ക്കാൻ സംസഥാന സർക്കാരിന് കഴിയില്ലെന്നും യുജിസി അറിയിച്ചു. അസോസിയേറ്റ് പ്രൊഫസർ സ്ഥാനത്തേക്കുള്ള നിയമനത്തിന് പ്രിയ വർഗീസിന് യോഗ്യതയുണ്ടെന്ന സംസ്ഥാന സർക്കാരിന്റെയും സർവകലാശാലയുടെയും നിലപാട് യുജിസി തള്ളി. ഈ സ്ഥാനത്തേക്ക് അപേക്ഷിക്കുന്നതിന് യുജിസിയുടെ 2018ലെ റെഗുലേഷൻ നിഷ്‌കർഷിക്കുന്ന അദ്ധ്യാപന പരിചയം എട്ട് വർഷമാണ്. ഇത് പ്രിയ വർഗീസിന് ഇല്ലെന്ന് യുജിസി വ്യക്തമാക്കി.
യുജിസിയുടെ എഡ്യൂക്കേഷണൽ ഓഫീസർ സുപ്രിയ ദഹിയ ആണ് കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തത്. സംസ്ഥാന സർക്കാരിന് പുറമെ കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ, രജിസ്ട്രാർ, സെലക്ഷൻ കമ്മിറ്റി എന്നിവർക്കും യുജിസി കോടതിയിൽ മറുപടി ഫയൽ ചെയ്തു.
Discussion about this post