ന്യൂഡൽഹി : റഫാൽ വിമാനങ്ങൾ ഔദ്യോഗികമായി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാവുന്ന ചടങ്ങ് സെപ്റ്റംബർ 10ന് നടത്താൻ തീരുമാനം.പ്രതിരോധമന്ത്രി രാജ്നാഥ് സിങിന്റെ നേതൃത്വത്തിൽ ഹരിയാനയിലെ അംബാല വ്യോമതാവളത്തിലായിരിക്കും ചടങ്ങുകൾ നടക്കുക.ചടങ്ങിൽ പങ്കെടുക്കുന്നതിനായി ഫ്രഞ്ച് പ്രതിരോധമന്ത്രി ഫ്ലോറൻസ് പാർളിയെ ഇന്ത്യ ക്ഷണിച്ചിട്ടുണ്ട്.
സെപ്റ്റംബർ 4 മുതൽ 6 വരെ റഷ്യയിൽ സംഘടിപ്പിച്ചിട്ടുള്ള ഷാങ്ങ്ഹായ് കോപ്പറേഷൻ ഓർഗനൈസേഷൻ സംഘടനയിൽ അംഗമായിട്ടുള്ള രാജ്യങ്ങളിലെ, പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ രാജ്നാഥ് സിങിന് പങ്കെടുക്കേണ്ടതുണ്ട്.അതിനാൽ, റഷ്യയിൽ നിന്നും അദ്ദേഹം മടങ്ങിയെത്തിയതിനു ശേഷമായിരിക്കും ചടങ്ങ് നടത്തുക.ജൂലൈ 29 നാണ് ആദ്യ ബാച്ച് റഫാൽ വിമാനങ്ങൾ ഫ്രാൻസിൽ നിന്നും ഇന്ത്യയിലേക്കെത്തിയത്.







