കണ്ണൂർ: പാലത്തായി പീഡന കേസിൽ പെൺകുട്ടിക്ക് കള്ളം പറയുന്ന സ്വഭാവമെന്ന് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. പെൺകുട്ടിക്ക് ഭാവനയോടെ കാര്യങ്ങൾ അവതരിപ്പിക്കുന്ന സ്വഭാവം ഉണ്ടെന്നും കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. സാമൂഹ്യനീതി വകുപ്പിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റുമാർ സമർപ്പിച്ച റിപ്പോർട്ടിലെ വിവരങ്ങൾ ഉദ്ധരിച്ചാണ് ക്രൈം ബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.
പെൺകുട്ടിയുൾപ്പെടെ 92 പേരെ ഇതിനോടകം ചോദ്യം ചെയ്തു. ശാസ്ത്രീയമായ തെളിവുകളടക്കം ശേഖരിച്ചു. കുട്ടി ഉറക്കമില്ലായ്മ, ക്രമമല്ലാത്ത ഭക്ഷണ രീതി, ക്ഷീണം തുടങ്ങിയ പ്രശ്നങ്ങൾ അനുഭവിക്കുന്നതായും കൗൺസിലർമാർ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. നുണ പറയുന്ന സ്വഭാവം, മൂഡ് അതിവേഗം മാറുന്ന ശീലം, വേഗത്തിൽ ബന്ധം സ്ഥാപിക്കുന്ന സ്വഭാവം, പെട്ടെന്ന് ടെൻഷനടിക്കുന്ന സ്വഭാവം എന്നിവയും കുട്ടിക്ക് ഉണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
കേസിൽ പോക്സോ കുറ്റം ഒഴിവാക്കി കുറ്റം ആരോപിക്കപ്പെട്ട അദ്ധ്യാപകനായ പദ്മരാജനെതിരെ കുറ്റപത്രം നല്കാൻ നിയമോപദേശം നൽകിയത് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ആണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.











