ഡൽഹി: വർക്കിംഗ് കമ്മറ്റിയിലേക്കും താക്കോൽ സ്ഥാനങ്ങളിലേക്കും കാലാനുസൃതമായി തിരഞ്ഞെടുപ്പ് നടത്തിയില്ലെങ്കിൽ അമ്പത് കൊല്ലത്തേക്ക് പാർട്ടി പ്രതിപക്ഷത്ത് തന്നെ ആയിരിക്കുമെന്ന് തുറന്നടിച്ച് മുതിർന്ന കോൺഗ്രസ്സ് നേതാവ് ഗുലാം നബി ആസാദ്. പാർട്ടി അതിന്റെ ചരിത്രത്തിലെ ഏറ്റവും ദയനീയമായ അവസ്ഥയിലാണ് ഇപ്പോൾ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
‘കഴിഞ്ഞ കുറച്ച് ദശാബ്ദങ്ങളായി പാർട്ടിയിൽ തിരഞ്ഞെടുപ്പ് നടക്കുന്നില്ല. പത്ത് പതിനഞ്ച് വർഷം അങ്ങനെ കടന്നു പോയി. ഇപ്പോൾ നമ്മൾ തിരഞ്ഞെടുപ്പുകളിൽ ആവർത്തിച്ച് തോൽക്കുന്നു. തിരിച്ചുവരവ് ആഗ്രഹിക്കുന്നുവെങ്കിൽ സംഘടനാ തിരഞ്ഞെടുപ്പ് അനിവാര്യമാണ്.‘ ആസാദ് പറഞ്ഞു.
തങ്ങൾക്ക് പതിച്ചു കിട്ടിയ സ്ഥാനങ്ങൾ നഷ്ടമാകുമെന്ന് ഭയപ്പെടുന്നവരാണ് വർക്കിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പുകളെ ഭയപ്പെടുന്നതെന്നും ഗുലാം നബി ആസാദ് വ്യക്തമാക്കി. കോൺഗ്രസ്സ് പാർട്ടി രക്ഷപ്പെടണമെന്ന് ആഗ്രഹിക്കുന്നവർ കത്തിന്റെ ഉള്ളടക്കം അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത അമ്പത് വർഷത്തേക്ക് പ്രതിപക്ഷത്തിരിക്കാനാണ് പാർട്ടിയുടെ തീരുമാനമെങ്കിൽ പിന്നെ തിരഞ്ഞെടുപ്പിന്റെ ആവശ്യമില്ലെന്നും ഗുലാം നബി ആസാദ് കൂട്ടിച്ചേർത്തു. സംഘടനാ തലത്തിൽ പരിഷ്കാരങ്ങൾ ആവശ്യമാണെന്നും ശക്തമായ നേതൃത്വം അനിവാര്യമാണെന്നും കാട്ടി കോൺഗ്രസ്സ് ഇടക്കാല പ്രസിഡന്റ് സോണിയാ ഗാന്ധിക്ക് കത്തയച്ച 23 നേതാക്കളിൽ പ്രമുഖനായിരുന്നു ഗുലാം നബി ആസാദ്.
ഗുലാം നബി ആസാദിന് പുറമെ മുതിർന്ന നേതാക്കളായ കപിൽ സിബൽ, ശശി തരൂർ, മനീഷ് തിവാരി, ആനന്ദ് ശർമ്മ, പി ജെ കുര്യൻ, രേണുക ചൗധരി, മിലിന്ദ് ദേവ്ര, അജയ് സിംഗ് തുടങ്ങിയവരും കത്തിൽ ഒപ്പ് വെച്ചിരുന്നു. കത്തിന്റെ സാന്ദർഭികത ചോദ്യം ചെയ്ത രാഹുൽ ഗാന്ധിക്കെതിരെയും നേതാക്കൾ ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു.









