ഗുവാഹത്തി : ഷീന ബോറയെ കൊലപ്പെടുത്തിയെന്ന ആരോപണം ഇന്ദ്രാണി മുഖര്‍ജി നിഷേധിച്ചതായി പൊലീസ് വൃത്തങ്ങള്‍. പൊലീസ് ചോദ്യം ചെയ്യലില്‍ മകള്‍ ഷീനയെ കൊലപ്പെടുത്തിയിട്ടില്ലെന്ന് ഇന്ദ്രാണി പറഞ്ഞതായാണ് പറയുന്നത്. അതേസമയം, ഷീന ബോറയുടെ രാജിക്കത്ത് മുംബൈ മെട്രോ വണ്‍ പ്രൈവറ്റ് ലിമിറ്റഡ് (എംഎംഒപിഎല്‍) കമ്പനിക്ക് അയച്ചുകൊടുത്തത് സഹോദരന് മിഖൈല്‍ ബോറയായിരുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഷീന മരിച്ചതിനു 13 ദിവസങ്ങള്‍ക്കു ശേഷമാണ് രാജിക്കത്ത് മെയില്‍ ചെയ്തു നല്‍കിയത്. ഇന്ദ്രാണിയുടെ നിര്‍ദേശപ്രകാരമാണ് കത്ത് മെയില്‍ ചെയ്തുനല്‍കിയതെന്ന് ഇവരുടെ ഒരു ബന്ധു ദേശീയ മാധ്യമത്തോട് പറഞ്ഞു.
കത്ത് അയച്ചില്ലെങ്കില്‍ ചിലവിനായി മാസം തോറും നല്കുന്ന 12,000 രൂപ നല്‍കില്ലെന്നായിരുന്നു ഇന്ദ്രാണി മിഖൈലിനോട് പറഞ്ഞിരുന്നത്. അവരുടെ നിര്‍ദേശങ്ങള്‍ പാലിച്ചാല്‍ അധികമായി പണം നല്‍കാമെന്നും ഇന്ദ്രാണി പറഞ്ഞിരുന്നുവെന്ന് ബന്ധു പറഞ്ഞു. മിഖൈല്‍ ഷീനയുടെ ഫെയ്സ്ബുക്ക് അക്കൗണ്ട് സ്ഥിരമായി ഉപയോഗിക്കാറുണ്ടായിരുന്നു. ഇവര്‍ ഇരുവരും തമ്മില്‍ വളരെ അടുപ്പമുണ്ടായിരുന്നുവെന്നും ബന്ധു വ്യക്തമാക്കി.
അതേസമയം, മകള്‍ ഷീന ബോറയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഇന്ദ്രാണി മുഖര്‍ജി മകന് മിഖൈല്‍ ബോറയെയും കൊലപ്പെടുത്താന്‍ തീരുമാനിച്ചിരുന്നതായി വെളിപ്പെടുത്തല്‍. ഇന്ദ്രാണിക്കൊപ്പം അറസ്റ്റിലായ മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്ന ചോദ്യംചെയ്യലില്‍ ഇക്കാര്യം സമ്മതിച്ചതായാണു പൊലീസില്‍നിന്നു ലഭിക്കുന്ന വിവരം.
Discussion about this post