ഡൽഹി : സുപ്രീം കോടതി ജസ്റ്റിസ് അരുൺ കുമാർ മിശ്ര ഇന്ന് കാലാവധി പൂർത്തിയാക്കും.എതിർപ്പുകളെ തൃണവൽഗണിച്ച് സർക്കാരുകളെ വിരൽത്തുമ്പിൽ നിർത്തിയാണ് അരുൺ മിശ്ര തന്റെ സേവന കാലഘട്ടം പൂർത്തിയാക്കിയത്.പ്രശാന്ത് ഭൂഷണെതിരായ കോടതിയലക്ഷ്യ കേസിൽ വിധി പ്രസ്താവിച്ചതും മിശ്ര തന്നെയാണ്. 2014-ൽ സ്ഥാനമേറ്റ അദ്ദേഹം ആറു വർഷത്തെ സേവനത്തിനു ശേഷമാണ് വിരമിക്കുന്നത്. ബാർ അസോസിയേഷൻ നൽകുന്ന യാത്രയയപ്പിൽ പങ്കെടുക്കാതെയാണ് അദ്ദേഹത്തിന്റെ പടിയിറക്കം.
കേരളത്തിന് അരുൺ മിശ്രയെ മറക്കാനാവില്ല.കരണം, സംസ്ഥാന സർക്കാരിനെ ഇളക്കി മറിച്ച മരട് ഫ്ലാറ്റ് കേസിൽ വിധി പ്രഖ്യാപിച്ചതും ജസ്റ്റിസ് അരുൺ മിശ്രയാണ്.വിധി നടപ്പിലാക്കാതിരിക്കാൻ സംസ്ഥാന സർക്കാർ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും മിശ്ര തന്റെ തീരുമാനത്തിൽ നിന്നും കടുകിട പിന്മാറിയില്ല.സർക്കാരിനെയും അഭിഭാഷകരെയും വിറപ്പിച്ചുകൊണ്ട് നീതിന്യായ വ്യവസ്ഥയുടെ മൂല്യം ഉയർത്തിപ്പിടിച്ച സേവന കാലഘട്ടമായിരുന്നു മിശ്രയുടെ.











