തെഹ്റാന്: ഇസ്രയേലുമായി ഉണ്ടാക്കിയ സമാധാന പദ്ധതിയിലൂടെ യു.എ.ഇ ഇസ്ലാമിക ലോകത്തെ ചതിച്ചെന്ന് ഇറാന് പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. യു.എ.ഇ ഇസ്രയേല്‍ സമാധാന പദ്ധതിക്കു ശേഷം ഇറാന് പരമോന്നത നേതാവ് നടത്തുന്ന ആദ്യ പരസ്യ പ്രസ്താവനയാണിത്.
‘ യു.എ.ഇ ഇസ്ലാമിക ലോകത്തെ ചതിച്ചു, അറബ് രാജ്യങ്ങളെയും പ്രദേശിക രാജ്യങ്ങളെയും ഫല്സീനിനെയും,’ ഖമേനി ട്വീറ്റ് ചെയ്തു. ‘തീര്‍ച്ചയായും ഈ വിശ്വാസ വഞ്ചന അധികകാലം നിലനില്‍ക്കില്ല. പക്ഷെ അതിന്റെ കളങ്കം അവരോടൊപ്പം തുടരും,’ ഖമേനി ട്വീറ്റ് ചെയ്തു.
യു.എ.ഇ തങ്ങള്‍ ചെയ്ത തെറ്റ് മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഖമേനി കൂട്ടിച്ചേര്‍ത്തു.
ഇസ്രയേലില്‍ നിന്നും യു.എ.ഇയിലേക്ക് ആദ്യ കൊമേഴ്ഷ്യല്‍ വിമാനം എത്തിയതിനു ശേഷമാണ് ഖമേനിയുടെ പ്രതികരണം.
നേരത്തെ ഇറാനിയന്‍ പ്രസിഡന്റ് ഹസ്സന് റുഹാനിയും വിദേശകാര്യ മന്ത്രാലയവും യു.എ.ഇക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. യു.എ.ഇ ചെയ്തത് വലിയ പിഴവാണെന്ന് റുഹാനി ആരോപിച്ചിരുന്നു.’ അവര്‍ (യു.എ.ഇ) കരുതിയിരിക്കുന്നതാണ് നല്ലത്. അവര്‍ ഒരു വലിയ തെറ്റ് ചെയ്തു. വഞ്ചനാപരമായ പ്രവൃത്തി. അവരത് മനസ്സിലാക്കുകയും ഈ തെറ്റായ പാത ഉപേക്ഷിക്കുകയും ചെയ്യുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,’ റുഹാനി പറഞ്ഞു.
ഇസ്രയേലും-യു.എഇയും തമ്മില്‍ സമാധാന പദ്ധതിക്ക് ധാരണയായതിനു പിന്നിലെ പ്രധാന ഘടകങ്ങളിലൊന്നാണ് മേഖലയിലെ ഇറാന്റെ സാന്നിധ്യം. ഇറാന് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ രണ്ടു രാജ്യങ്ങള്‍ക്കും ഒരു പോലെ പരിഗണനയില്‍ വരുന്ന വിഷയമാണ്.
Discussion about this post