ന്യൂഡൽഹി : ചൈനയുടെ യുദ്ധവിമാനമായ സുഖോയ് 35 തായ്‌വാൻ വെടിവെച്ചിട്ടെന്ന വാർത്ത നിരസിച്ച് തായ്‌വാൻ പ്രതിരോധ മന്ത്രാലയം. ദി ഡെയിലി ടെലഗ്രാഫിന്റെ ഏഷ്യാ കറസ്പോണ്ടന്റ് നിക്കോള സ്മിത്താണ് ഇക്കാര്യം വ്യക്തമാക്കി രംഗത്തു വന്നിട്ടുള്ളത്.
അമേരിക്കൻ മാധ്യമമായ ദി ജ്യൂവിഷ് പ്രെസ്സ് റിപ്പോർട്ട് ചെയ്തതനുസരിച്ച് തായ്‌വാൻ കടലിടുക്കിലേക്കും ദക്ഷിണ ചൈനാ കടലിലേക്കും പ്രവേശിച്ചതിനു ശേഷം ചൈനയുടെ സ്വയംഭരണ തീരപ്രദേശമായ ഗ്വാങ്‌സിയിൽ വെച്ചാണ് ചൈനീസ് വിമാനം തകർന്നത്.
ട്വിറ്ററിലും മറ്റും ചൈനീസ് വിമാനം വെടിവെച്ചിട്ടത് തായ്‌വാൻ ആണെന്ന വാർത്തയാണ് പ്രചരിക്കുന്നത്. മാത്രമല്ല, സാമൂഹ്യ മാധ്യമങ്ങളിലെല്ലാം സുഖോയ് 35 തകർന്നു വീഴുന്ന ചിത്രങ്ങളും വീഡിയോകളും വൈറലായിക്കൊണ്ടിരിക്കുകയാണ്. വിമാനം തകർന്നു വീണത് എന്തെങ്കിലും സാങ്കേതിക തകരാറുകൾ കാരണമാണോ അതോ തായ്‌വാൻ വെടിവെച്ചിട്ടതാണോയെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.










