സാമൂഹ്യ പരിഷ്കര്‍ത്താവായ ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ രാജ്യത്തും ലോകത്തും പ്രചരിപ്പിക്കുന്നതിന് നടപടികള്‍ കൈക്കൊള്ളുമെന്ന് കേന്ദ്ര മന്ത്രി ഡോ.മഹേഷ് ശര്‍മ പറഞ്ഞു. ഇതിനായി പ്രധാനമന്ത്രിയുമായി ആലോചിച്ച് വിവിധ കാര്യങ്ങള്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ നൂറ്റി അറുപത്തിയൊന്നാമത് ജയന്തി ആഘോഷങ്ങള്‍ ചെമ്പഴന്തി ഗുരുകുലത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഗുരുവിന്റെ ദര്‍ശനങ്ങള്‍ ലോകത്തിലെ വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ്. ആ ദര്‍ശനങ്ങള്‍ കേരളത്തില്‍ മാത്രമായി ഒതുങ്ങിപ്പോവരുത്. ഇന്ത്യയിലും ലോകത്തിലും അത് പ്രചരിപ്പിക്കണം. അതിനുള്ള നടപടികള്‍ കേന്ദ്ര സാംസ്കാരിക വകുപ്പ് സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
സമൂഹത്തിന്റെ താഴേക്കിടയിലുള്ളവരുടെ ഉന്നമനത്തിന് വേണ്ടി പ്രയത്നിച്ച മഹദ് വ്യക്തിത്വമായിരുന്നു ശ്രീനാരായണ ഗുരു. അധ:സ്ഥിത വിഭാഗങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന ഗുരു വിദ്യാഭ്യാസപരമായി ഉന്നമനം കൈവരിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങള്‍ക്ക് മനസിലാക്കി കൊടുത്തു. അങ്ങനെയുള്ള ഗുരുദേവന്റെ ദര്‍ശനങ്ങള്‍ക്ക് കേരളത്തില്‍ അര്‍ഹിച്ച പ്രാധാന്യം ലഭിച്ചോയെന്ന കാര്യം പരിശോധിക്കണമെന്നും മഹേഷ് ശര്‍മ പറഞ്ഞു.
Discussion about this post