ബെയ്‌റൂട്ട് : തുറമുഖത്തു നിന്നും ബെയ്‌റൂട്ട് സുരക്ഷാസേന സ്ഫോടകവസ്തുക്കളുടെ വൻശേഖരം കണ്ടെടുത്തത്.വ്യാഴാഴ്ച നടന്ന സുരക്ഷാ പരിശോധനയിലാണ് ലബനീസ് സൈനികർ നാല് ടൺ അമോണിയം നൈട്രേറ്റ് കണ്ടെടുത്തത്.വാർഡ് നമ്പർ 12ലെ ഷിപ്പിംഗ് കണ്ടെയ്നറുകളിൽ നിറച്ച നിലയിലായിരുന്നു സ്ഫോടക വസ്തുക്കൾ.
കഴിഞ്ഞ മാസം ഇതേ തുറമുഖത്തു നടന്ന വൻ സ്ഫോടനത്തിൽ, 190 പേർ കൊല്ലപ്പെട്ടിരുന്നു. വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളില്ലാതെ ശേഖരിച്ചിരുന്ന സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചതായിരുന്നു ദുരന്തത്തിന് കാരണം.6,000 ലധികം പേർക്ക് പരിക്കേറ്റ ഈ സ്ഫോടനത്തിൽ ഏതാണ്ട് 3 ലക്ഷം പേർക്കാണ് വീട് നഷ്ടപ്പെട്ടത്.ഇതേ തുടർന്നുണ്ടായ വൻ ജനപ്രക്ഷോഭം ലബനീസ് സർക്കാരിനെ താഴെയിറക്കിയിരുന്നു. രണ്ടാമത് പിടിച്ചെടുത്ത സ്ഫോടകവസ്തുക്കൾ തീരദേശവാസികളിൽ ആശങ്ക വർദ്ധിപ്പിക്കുകയാണ്.









