കിഴക്കന്‍ ലാഡാക്കില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ സംബന്ധിച്ച സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ ഏറ്റു പിടിച്ച് സോഷ്യല്‍ മീഡിയ. കഴിഞ്ഞ ദിവസം രാത്രി കിഴക്കന്‍ ലഡാക്കില്‍ വെടിവെപ്പുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിറകെയാണ് അഭ്യൂഹങ്ങള്‍. ചൈന കയ്യേറിയിരുന്ന ഷെന്‍ പോ കുന്ന് ഇന്ത്യ തിരിച്ചു പിടിച്ചുവെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു. പാങ്കോംഗ് തടാകത്തിന്റെ തെക്കന്‍ തീരത്തുള്ള ഷാന്‍പോ കുന്ന് ഇന്ത്യന്‍ സൈന്യം പിടിച്ചെടുത്തുവെന്ന് പിഎല്‍എ കമാന്‍ഡ് സ്‌പോക്‌സ് മേന്‍ സ്ഥിരീകരിച്ചുവെന്നാണ് പ്രൊഡക്ട് ഇന്ത്യ മൈ ഡ്യൂട്ടി തുടങ്ങിയ ഫേസ്ബുക്ക് പേജുകള്‍ അവകാശപ്പെടുന്നത്.
ഇന്ത്യ ചൈന അതിര്‍ത്തിയില്‍ ഇന്നലെ രാത്രി വെടിവെപ്പ് നടന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ചൈനിസ് അതിര്‍ത്തിയിലെ കിഴക്കന്‍ ലഡാക്കില്‍ ഇന്നലെ ഇന്ത്യ ചൈനീസ് സൈനികര്‍ക്ക് മുന്നറിയിപ്പു നല്‍കി വെടിവെച്ചുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, ഇന്ത്യ പ്രകോപനപരമായി വെടിയുതിര്‍ത്തെന്ന് ചൈന ആരോപിച്ചു.
നാല്പത് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇന്ത്യചൈന അതിര്‍ത്തിയില്‍ വെടിശബ്ദം മുഴങ്ങുന്നത്. കഴിഞ്ഞ ആഴ്ചയില്‍ അതിര്‍ത്തിയിലെ ഉയര്‍ന്ന പ്രദേശങ്ങള്‍ ഇന്ത്യ കയ്യടക്കിയിരുന്നു.ചൈനീസ് സൈനിക ക്യാമ്പുകള്‍ക്ക് കനത്ത ഭീഷണിയുയര്‍ത്തുന്ന നിലയില്‍ ഇന്ത്യയുടെ സ്‌പെഷ്യല്‍ ഫ്രോണ്ടിയര്‍ ഫോഴ്‌സിന്റെ രഹസ്യ ഓപ്പറേഷന്‍ മുഖേനയായിരുന്നു ഈ നീക്കം.
സൈനിക നീക്കം നടത്തി മേഖലയിലെ നിയന്ത്രണം തിരിച്ചുപിടിക്കാന്‍ ചൈന ശ്രമിച്ചതിനെ തുടര്‍ന്നാണ് ഇന്നലെ വെടിവെപ്പുണ്ടായത് എന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
Discussion about this post