ഇംഫാൽ : മണിപ്പൂരിൽ അസം റൈഫിൾസ് വാഹനത്തിന് നേരെ ആക്രമണം. രണ്ട് സൈനികർ വീരമൃത്യു വരിച്ചു. മറ്റ് രണ്ട് സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. മണിപ്പൂരിലെ ബിഷ്ണുപൂരിൽ വെള്ളിയാഴ്ച വൈകിട്ടാണ് അസം റൈഫിൾസിന്റെ വാഹനം ഒരു സംഘം തോക്കുധാരികൾ പതിയിരുന്ന് ആക്രമിച്ചത്.
ഇംഫാൽ വിമാനത്താവളത്തിൽ നിന്ന് ഏകദേശം എട്ട് കിലോമീറ്റർ അകലെയുള്ള നമ്പോൾ പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ചാണ് സൈനിക വാഹനത്തിന് നേരെ ആക്രമണം ഉണ്ടായത്.
ഇംഫാലിൽ നിന്ന് ടാറ്റ 407 വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന അസം റൈഫിൾസ് ജവാൻമാർ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ തോക്ക്ധാരികൾ വെടിയുതിർക്കുകയായിരുന്നു.
സംഭവം നടന്ന ഉടൻതന്നെ സുരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിക്കുകയും ആക്രമികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കുകയും ചെയ്തു.
പരിക്കേറ്റ സൈനികരെ ചികിത്സയ്ക്കായി ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ വർഷം അസമിലെ കാച്ചർ ജില്ലയുമായി അതിർത്തി പങ്കിടുന്ന ജിരിബാം ജില്ലയിൽ തീവ്രവാദികളുടെ ആക്രമണത്തിൽ ഒരു സിആർപിഎഫ് ജവാൻ കൊല്ലപ്പെടുകയും മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തതിനുശേഷം ആദ്യമായാണ് ഇത്തരത്തിൽ സൈനികർക്ക് നേരെ വലിയൊരു ആക്രമണം നടക്കുന്നത്.
Discussion about this post