കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റിന്റെ ചോദ്യം ചെയ്യല്‍ പത്താം മണിക്കൂര്‍ പിന്നിടുന്നു. രാവിലെ 11 മണിക്ക് കൊച്ചിയിലെ ഓഫിസിലാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്.
യു.എ.ഇ കോണ്‍സുലേറ്റിലെ വിസ സ്റ്റാംപിങ് സേവനങ്ങള്‍ ചെയ്തിരുന്ന യു.എ.എഫ്എക്സ് കമ്പനി, ബിനീഷിന്റെ പേരില്‍ ബംഗളൂരുവില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് കമ്പനികള്‍ എന്നിവയുടെ സാമ്പത്തിക സ്രോതസുകളുമായി ബന്ധപ്പെട്ട വിവരങ്ങളറിയാനായാണ് ചോദ്യം ചെയ്യാനായി ഇന്നലെ ബിനിഷിന് ഇ.ഡി നോട്ടിസ് നല്‍കിയത്. രാവിലെ ഒമ്പതരക്ക് തന്നെ ബിനീഷ് എത്തിയിരുന്നു.
സ്വര്‍ണ്ണക്കള്ളക്കടത്തിന് പിന്നിലെ ഹവാല ബിനാമി ഇടപാടുകള്‍, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയാണ് അന്വേഷണത്തിന്റെ പരിധിയിലുള്ളത്. ഒരു മാസമായി ബിനീഷ് കോടിയേരിക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തിവരികയായിരുന്നു. ഇതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കൊച്ചിയിലെ ഓഫിസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടത്. നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കൊപ്പം കേരളീയരും കാത്തിരിക്കുന്നത്.
Discussion about this post