ഡൽഹി: ചൈനയ്ക്ക് ശക്തമായ സന്ദേശം നൽകിക്കൊണ്ട് ഇന്ത്യ- ജപ്പാൻ പ്രതിരോധ കരാർ നിലവിൽ വന്നു. ഇന്ത്യയുടെ പ്രതിരോധ സെക്രട്ടറി അജയ് കുമാറും ജപ്പാന്റെ സ്ഥാനപതി സുസുകി സാതോഷിയുമാണ് കരാറിൽ ഒപ്പു വെച്ചത്. ശക്തമായ നാവിക- വ്യോമസേനാ സംവിധാനങ്ങളുള്ള ജപ്പാനുമായി ഒപ്പു വെച്ചിരിക്കുന്ന കരാർ ഇന്ത്യക്ക് പസഫിക് മേഖലയിൽ ശക്തമായ മുൻതൂക്കം നൽകുമെന്നാണ് വിലയിരുത്തൽ.
ഇന്തോ പസഫിക് മേഖലയിൽ സമാധാനവും സുതാര്യതയും ഉറപ്പ് വരുത്താൻ പ്രതിജ്ഞാബദ്ധതയുള്ള രാജ്യങ്ങളാണ് ഇന്ത്യയും ജപ്പാനും. കരാർ യാഥാർത്ഥ്യമാകുന്നതോടെ ഇന്ത്യയും ജപ്പാനും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ ഉയരങ്ങളിൽ എത്തുമെന്നും ജാപ്പനീസ് സർക്കാർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാരുടെ ആശയമാണ് കരാറിലൂടെ യാഥാർത്ഥ്യമാകാൻ പോകുന്നതെന്നും ജപ്പാൻ വിശദീകരിച്ചു.
പസഫിക്കിലെ ചൈനയുടെ ഭീഷണി തുടരുന്ന പശ്ചാത്തലത്തിൽ ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ, സിംഗപ്പൂര്‍, ഫ്രാന്‍സ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യയുമായുള്ള പ്രതിരോധ കരാറുകൾ പുതുക്കിയിരുന്നു. ഇന്ത്യയും അമേരിക്കയും പങ്കെടുക്കുന്ന മലബാർ നാവികാഭ്യാസ പ്രകടനത്തിൽ വീണ്ടും അണി ചേരാൻ ജപ്പാൻ തീരുമാനിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും തമ്മിലുള്ള വ്യക്തിപരമായ ബന്ധം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ശക്തമായ സ്വാധീനമായി മാറുകയാണ്.
Discussion about this post