തിരുവനന്തപുരം : വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുകളിലൂടെയും ഓണ്‍ലൈന്‍ ലോട്ടറിയിലൂടെയും സംസ്ഥാനത്തു രണ്ടു വര്‍ഷത്തിനിടെ 14 കേസുകളിലായി 20 കോടി രൂപയുടെ തട്ടിപ്പു നടന്നതായി പൊലീസ്. മാനക്കേടുമൂലം പരാതിപോലും പറയാത്ത കേസുകള്‍ ഇതിന്റെ പത്തിരട്ടി വരുമെന്നതിനാല്‍ 200 കോടിയുടെയെങ്കിലും തട്ടിപ്പു നടന്നിരിക്കുമെന്നാണ് പൊലീസുദ്യോഗസ്ഥരുടെ അനുമാനം.
ഓണ്‍ലൈന്‍ ലോട്ടറിയില്‍ ഭാഗ്യം പരീക്ഷിക്കാന്‍ തുനിഞ്ഞ്, ലക്ഷങ്ങള്‍ നഷ്ടപ്പെട്ടവരില്‍ ഐഎഎസ് ഉദ്യോഗസ്ഥരും ബാങ്ക് ഉദ്യോഗസ്ഥരും അധ്യാപകരും ശാസ്ത്രജ്ഞരും ഉണ്ട്. ഉന്നത തസ്തികകളില്‍ ജോലി ചെയ്യുന്ന ചിലരുടെ ഭാര്യമാര്‍ക്കും ഫെയ്സ്ബുക്ക് സൗഹൃദം വഴി പണം നഷ്ടപ്പെട്ടു. അടുത്തിടെ റജിസ്റ്റര്‍ ചെയ്ത ഒരു കേസില്‍ മാത്രം 11 കോടിയിലേറെ രൂപ നൈജീരിയന്‍ സംഘം തട്ടിയെടുത്തതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. കേസില്‍ എട്ടുപേരെയാണ് അറസ്റ്റ് ചെയ്യാനായത്.
ലോട്ടറി അടിച്ചെന്നും ജോലി ലഭിച്ചെന്നും സന്ദേശങ്ങള്‍ അയച്ചു വന്‍തോതില്‍ തട്ടിപ്പു നടത്തുന്നതിനു പിന്നില്‍ നൈജീരിയന്‍ സംഘങ്ങളാണു കൂടുതലും. ന്യൂഡല്‍ഹിയില്‍ തുഗ്ലക്കബാദ്, കിര്‍ക്കി എക്സ്റ്റന്‍ഷന്‍, സംഘം വിഹാര്‍, മാല്‍ദിയ നഗര്‍ എന്നിവിടങ്ങളിലെ വീടുകള്‍ കേന്ദ്രീകരിച്ചാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ഒരു ലക്ഷത്തോളം നൈജീരിയക്കാര്‍ ന്യൂഡല്‍ഹിയില്‍ ഉണ്ടെന്നാണു കണക്കെങ്കിലും രേഖകളില്ലാതെ താമസിക്കുന്ന േവറെയും നാലു ലക്ഷം പേരുണ്ടാവുമെന്നു പൊലീസ് പറയുന്നു. രണ്ടും മൂന്നും പാസ്പോര്‍ട്ട് ഉള്ളവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്.
കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ളവരാണു പണം നഷ്ടപ്പെട്ടവരിലധികം. ഏറെയും കണക്കില്‍ പെടാത്ത പണമായതിനാല്‍ പരാതിയുമായി മുന്നോട്ടുപോകാന്‍ പലര്‍ക്കും താല്പര്യമില്ല. ‘ഡിജിറ്റല്‍ യുഗ’ത്തിലേക്കു കേരളം ചുവടുമാറുമ്പോള്‍, ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ മലയാളികള്‍ക്കു കൂടുതല്‍ കരുതല്‍ വേണ്ടതിന്റെ ആവശ്യത്തിലേക്കാണ് ഈ സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നതെന്നു പൊലീസ് മുന്നറിയിപ്പു നല്കുന്നു.
Discussion about this post