ബീഹാറിൽ മൂന്ന് പെട്രോളിയം പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.ഒരു എൽപിജി പൈപ്പ് ലൈൻ പ്രോജക്ടും ബോട്ടിലിംഗ് പ്ലാന്റുമായി ബന്ധപ്പെട്ട രണ്ടു പദ്ധതികളുമാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന ചടങ്ങിൽ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും പങ്കെടുത്തു.വീഡിയോ കോൺഫറൻസിങ് വഴി നടന്ന ചടങ്ങിൽ, നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ വികസനത്തിന്റെ പാതയിലാണെന്ന് നിതീഷ് കുമാർ വെളിപ്പെടുത്തി. പാരാദ്വീപ്- ഹൽദിയ- ദുർഗാപൂർ പൈപ്പ് ലൈൻ പ്രോജക്റ്റിന്റെ ദുർഗാപൂർ-ബാങ്ക ഭാഗവും രണ്ട് എൽപിജി ബോട്ടിലിംഗ് പ്ലാന്റുകളുമാണ് പദ്ധതികളിൽ ഉൾപ്പെടുന്നത്.
“കഴിഞ്ഞ 15 വർഷമായി ബിഹാർ ശരിയായ നേതൃത്വത്തിന് കീഴിലാണ്. അത് അവരുടെ തീരുമാനങ്ങളിലും പദ്ധതികളിലും വളർച്ചയിലും പ്രതിഫലിക്കുന്നുണ്ട്” ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി വ്യക്തമാക്കി.പാരാദ്വീപ്- ഹൽദിയ- ദുർഗാപൂർ പൈപ്പ്ലൈൻ ഓഗ്മെന്റേഷൻ പ്രോജക്റ്റിന്റെ ഭാഗമായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ നിർമ്മിച്ചതാണ് 193 കിലോമീറ്റർ നീളമുള്ള ദുർഗാപൂർ-ബാങ്ക പൈപ്പ്ലൈൻ സെക്ഷൻ. 2019 ഫെബ്രുവരി 17-നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഈ പദ്ധതിക്ക് തറക്കല്ലിട്ടത്. 679 കിലോമീറ്റർ നീളമുള്ള പാരാദ്വീപ്- ഹൽദിയ- ദുർഗാപൂർ എൽപിജി പൈപ്പ്ലൈൻ വിപുലീകരിക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ചിട്ടുള്ളതാണ് ദുർഗാപൂർ-ബാങ്ക പൈപ്പ്ലൈൻ സെക്ഷൻ.










