ഗുവാഹട്ടി : അസമിലുള്ള ടിൻസുഖിയ ജില്ലയിലെ എണ്ണക്കിണറിലുണ്ടായ തീപ്പിടുത്തം 110 ദിവസങ്ങൾക്കു ശേഷം നിയന്ത്രണ വിധേയമാക്കി. ടിൻസുഖിയ ജില്ലയിലെ ബാഗ്ജാൻ വെൽ നമ്പർ 5-ൽ നിയന്ത്രിക്കാനാവാത്ത വിധം പ്രകൃതി വാതകം പ്രവഹിച്ചതിനെ തുടർന്ന് തീപിടുത്തമുണ്ടാവുകയായിരുന്നു. ഓയിൽ എക്സ്‌പ്ലൊറേഷൻ മേജർ ഓയിൽ ഇന്ത്യ ലിമിറ്റഡിലെ (ഒഐൽ) വിദഗ്‌ധർ ഇടപെട്ടാണ് എണ്ണക്കിണറിലെ തീ നിയന്ത്രണ വിധേയമാക്കിയത്.
അനിയന്ത്രിതമായ അളവിൽ പുറത്തു വന്നു കൊണ്ടിരുന്ന പ്രകൃതിവാതകത്തിന്റെ ഒരു ഭാഗം രണ്ടു ഫ്ലയറിങ് പിറ്റിലേക്കും ബാക്കിയുള്ളവ ഏർലി പ്രൊഡക്ഷൻ സിസ്റ്റത്തിലൂടെയും (ഇപിഎസ് ) വഴി തിരിച്ചു വിട്ടതിനാലാണ് തീയണയ്ക്കാൻ കഴിഞ്ഞതെന്ന് ഓയിൽ എക്സ്‌പ്ലൊറേഷൻ മേജർ ഓയിൽ ഇന്ത്യ ലിമിറ്റഡിലെ വിദഗ്ധർ വ്യക്തമാക്കി. ഇത് വളരെ സങ്കീർണമായ പ്രക്രിയയായിരുന്നുവെന്നും പ്രകൃതി വാതകം വിജയകരമായി വഴിതിരിച്ചു വിടാൻ സാധിച്ചതിനാലാണ് എണ്ണക്കിണറിലെ തീ അണയ്ക്കാൻ കഴിഞ്ഞതെന്നും ഒഐഎല്ലിന്റെ ഔദ്യോഗിക വക്താവ് പറഞ്ഞു. ഇനിയും തീപിടുത്തമുണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ എണ്ണക്കിണറും പരിസര പ്രദേശങ്ങളും അധികൃതർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.








