ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയം കശ്മീരിൽ നടപ്പിലാക്കുന്നതിനെ പ്രകീർത്തിച്ച രാഷ്ട്രപതി രാംനാഥ് കോവിന്ദ്. വിദ്യാഭ്യാസമാണ് ഏറ്റവും വലിയ പ്രേരകശക്തിയെന്നും സാമൂഹിക നവോത്ഥാനത്തിന്റെ ഏറ്റവും ക്ഷമതയേറിയ ചാലകശക്തി, അഭ്യസ്തവിദ്യരായ യുവജനതയാണെന്നും പ്രഥമ പൗരൻ വ്യക്തമാക്കി. ത്രിഭാഷാ പദ്ധതി, പ്രാദേശിക സംസ്കാരത്തോട് ചേർന്നു നിന്നുകൊണ്ടു തന്നെ ദേശീയ ഐക്യം വളർത്തിയെടുക്കാൻ വളരെ സഹായകമാണെന്നും, വിജ്ഞാനത്തിന്റെ പാരമ്യ ഭൂമിയായിരുന്നു ആ പഴയ കശ്മീരമാണ് തന്നെ സ്വപ്നമെന്നും രാംനാഥ് കോവിന്ദ് പറഞ്ഞു.
ഇന്ത്യയുടെ അപാരമായ ജനസംഖ്യയുടെ തിരിച്ചറിയപ്പെടാതെ കിടക്കുന്ന സാധ്യതകൾ ഉപയോഗപ്രദമാവുന്നതിൽ ഒരു നാഴികക്കല്ലാവും പുതിയ ദേശീയ വിദ്യാഭ്യാസ നയമെന്ന് പറഞ്ഞ പ്രസിഡന്റ്, കശ്മീരിലെ പൗരാണിക പ്രതാപം തിരിച്ചെടുക്കാൻ വിദ്യാഭ്യാസം ആയുധമാക്കണം എന്നും ഓർമ്മിപ്പിച്ചു. രാജതരംഗിണിയുടെ സൃഷ്ടാവായ പ്രശസ്ത ചരിത്രകാരൻ കൽഹനൻ, തന്റെ കൃതിയിൽ ” പഠനം, ഉത്തുംഗ ഗൃഹങ്ങൾ, കുങ്കുമം, തണുത്തുറഞ്ഞ ജലം, ദ്രാക്ഷം സ്വർഗ്ഗത്തിലാണ് കാണപ്പെടുന്നത്.ഭൂമിയിൽ അപൂർവ്വങ്ങളായി ലഭിക്കുന്ന ഇവ സുലഭമായി ലഭിക്കുന്ന ഭൂമിയാണ് കശ്മീർ” എന്നെഴുതിയിരിക്കുന്നത് ദൃഷ്ടാന്തമായി ചൂണ്ടിക്കാണിച്ച രാഷ്ട്രപതി, ഇദംപ്രഥമമായി അദ്ദേഹം എടുത്തു പറഞ്ഞിരിക്കുന്നത് പഠനത്തെയാണെന്നും ചൂണ്ടിക്കാണിച്ചു.സ്വന്തം ലക്ഷ്യം നിർണയിക്കാനും ഭാവിയുടെ നിയന്ത്രണം സ്വയം ഏറ്റെടുക്കാനും കശ്മീരിലെ യുവത്വത്തിന് വിദ്യാഭ്യാസം പ്രാപ്തി നൽകട്ടെ എന്നും രാഷ്ട്രപതി ആശംസിച്ചു.
Discussion about this post