ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയിലില്‍ കഴിയുന്ന ശശികലയുടെ നേതൃത്വത്തിലുള്ള വിഭാഗം എഐഎഡിഎംകെയുമായി ലയിക്കാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചതായി റിപ്പോർട്ട്. തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് പഴയ ശത്രുക്കള്‍ ഒന്നിക്കാന്‍ തീരുമാനിക്കുന്നത്. ശശികല വിഭാഗവും നിലവിലെ എഐഎഡിഎംകെയും ഒന്നിക്കാനുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടുകൊടുത്തത് ബിജെപിയാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
നിലവില്‍ ശശികല വിഭാഗം അമ്മ മക്കള്‍ മുന്നേറ്റ കഴഗം എന്ന പാര്‍ട്ടിയായാണ് അറിയപ്പെടുന്നത്. ശശികല ജയിലിലായതിനാല്‍ പാര്‍ട്ടിയെ നയിക്കുന്നത് ടി.ടി.വി ദിനകരനാണ്. ഇദ്ദേഹം രണ്ടുദിവസങ്ങള്‍ക്ക് മുമ്പ് ഡല്‍ഹിയിലെത്തി ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ലയിച്ച് ഒന്നാകുന്ന പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം ശശികലയ്ക്ക് നല്‍കണമെന്നതാകും ഇവരുടെ പ്രധാന ആവശ്യം. നിലവിലെ മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്കും ഉപമുഖ്യമന്ത്രി ഒ. പനീര്‍ ശെല്‍വത്തിനും അധികാരത്തില്‍ തുടരാം. ടി.ടി.വി ദിനകരന് പാര്‍ട്ടിയിലെ സുപ്രധാന ചുമതല ലഭിക്കണം. എന്നിങ്ങനെയാണ് മറ്റ് നിര്‍ദ്ദേശങ്ങള്‍.
ലയിക്കുന്നതില്‍ ഇരുവിഭാഗത്തിനും തത്വത്തില്‍ യോജിപ്പാണെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരുവര്‍ഷമായി ഇരുവിഭാഗവും തമ്മില്‍ ലയിക്കാനുള്ള നീക്കങ്ങൾ തുടങ്ങിയിട്ട്.
Discussion about this post