ഡൽഹി : വിവാദ ഇസ്ലാമിക മതപ്രഭാഷകൻ സാക്കിർ നായികിന്റെ പീസ് ടിവിയുടെ യൂട്യൂബ് ചാനലിനും മൊബൈൽ ആപ്പിനും ആഭ്യന്തര മന്ത്രാലയം വിലക്കേർപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. വിവാദ പ്രഭാഷണങ്ങളുടെ പശ്ചാത്തലത്തിൽ നേരത്തെ തന്നെ സാക്കിർ നായികിന്റെ ടിവി ചാനൽ കേന്ദ്രം നിരോധിച്ചിരുന്നു. പീസ് ടിവിയുടെ മൊബൈൽ ആപ്പ്, സോഷ്യൽ മീഡിയ ആപ്പ് എന്നിവ വഴി പ്രകോപനപരമായ വീഡിയോകൾ ആളുകളിലേക്കെത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പീസ് ടിവിയുടെ യൂട്യൂബ് ചാനലും മൊബൈൽ ആപ്പും ആഭ്യന്തരമന്ത്രാലയം നിരോധിക്കാൻ തീരുമാനിച്ചിട്ടുള്ളത്.
പീസ് ടിവിയുടെ മൊബൈൽ ആപ്പ്, ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ഇതുവരെ ഡൗൺലോഡ് ചെയ്തിട്ടുള്ളത് ഒരു ലക്ഷത്തോളം പേരാണ്. ഇംഗ്ലീഷ്, ഉറുദു, ബംഗ്ല, ചൈനീസ് ഭാഷകളിലാണ് നിലവിൽ പീസ് ടിവി പ്രക്ഷേപണം നടത്തിവരുന്നത്. ഇന്റലിജൻസ് ബ്യൂറോ, ദേശീയ അന്വേഷണ ഏജൻസി, മറ്റു രഹസ്യാന്വേഷണ ഏജൻസികൾ എന്നിവ കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രാലയത്തിന്റെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് പീസ് ടിവിയുടെ വീഡിയോകൾ രാജ്യത്തിന്റെ സാമുദായിക ഐക്യത്തിന് ഭീഷണിയാണെന്ന അഭിപ്രായം ഉയർന്നു വന്നത്








