ജനീവ: ഐക്യരാഷ്ട്ര മനുഷ്യാവകാശ സമിതിയിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. പാക് അധീന കശ്മീരിലും അതിർത്തി മേഖലയിലും പാകിസ്ഥാൻ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ്. മേഖലകളിൽ തീവ്രവാദി സാന്നിദ്ധ്യം സജീവമാണ്. ഇവിടങ്ങളിൽ തീവ്രവാദി ലോഞ്ച് പാഡുകളും ഭീകരവാദ പരിശീലന കേന്ദ്രങ്ങളും പാകിസ്ഥാൻ പരിപോഷിപ്പിക്കുകയാണെന്നും ഇന്ത്യ വ്യക്തമാക്കി.
ഇന്നും ഭീകരവാദത്തിന്റെ സുരക്ഷിത താവളമായി പാകിസ്ഥാൻ തുടരുകയാണ്. ലോകം കൊവിഡ് ബാധയ്ക്കെതിരെ പോരാടുമ്പോൾ പാകിസ്ഥാൻ നാൽപ്പതിനായിരത്തോളം വരുന്ന ഭീകരവാദികളെ മനുഷ്യവംശത്തിന്റെ നിലനിൽപ്പിന് ഭീഷണിയാക്കി പരിശീലിപ്പിക്കുകയാണെന്ന് ഇന്ത്യ പറഞ്ഞു.
ഇസ്ലാമിക രാഷ്ട്രമായ പാകിസ്ഥാനിൽ അഹമ്മദീയ വിഭാഗവും ക്രിസ്ത്യാനികളും പ്രാണ ഭയത്തോടെ കഴിയുകയാണ്. പ്രതിവർഷം നൂറുകണക്കിന് ക്രിസ്ത്യാനികൾ മതത്തിന്റെ പേരിൽ പാകിസ്ഥാനിൽ കൊല്ലപ്പെടുകയാണ്. അവരിൽ പലരും മൃഗീയമായ പീഡനങ്ങൾക്ക് ഇരയാക്കപ്പെടുകയാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.
Discussion about this post