യൂട്യൂബ് ചാനലിലൂടെ സ്ത്രീകള്‍ക്കെതിരെ അശ്ലീലവും അപകീര്‍ത്തികരവുമായ വീഡിയോകള്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ വെള്ളായണി സ്വദേശി വിജയ് പി. നായരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
തിരുവനന്തപുരം കല്ലിയൂരിലെ വീട്ടില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. നേരത്തെ വിജയ് നായര്‍ താമസിച്ചിരുന്ന ലോഡ്ജിലെ മുറിയില്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇന്നലെ മുതല്‍ ലോഡ്ജില്‍ ഇല്ലെന്ന് മറ്റ് മുറികളില്‍ താമസിക്കുന്നവര്‍ മ്യൂസിയം പൊലീസിനോട് പറഞ്ഞു.
ഐടി വകുപ്പ് 67, 67എ എന്നീ വകുപ്പ് ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ജാമ്യമില്ലാ വകുപ്പാണിത്. ഒന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തടവ് ലഭിക്കാം. വീഡിയോയുടെ ഉള്ളടക്കം പരിശോധിച്ച ശേഷമാണ് പൊലീസിന് ഹൈടെക് സെല്‍ എസ്പി നിര്‍ദേശം നല്‍കിയത്.
അതിനിടെ വിജയ് പി. നായരുടെ പിഎച്ച്‌ഡി വ്യാജമാണോയെന്നതില്‍ പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ മാസം പതിനാലാം തിയതിയാണ് വിജയ് പി. നായര്‍ സ്ത്രീകളെ അധിക്ഷേപിച്ചു കൊണ്ടുള്ള വീഡിയോ യുട്യൂബില്‍ അപ്‍ലോഡ് ചെയ്തത്.
സംഭവത്തില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഡി.ജി.പിയ്ക്കും സിറ്റി പൊലീസ് കമ്മീഷണര്‍ക്കും നല്‍കിയ പരാതിയില്‍ മ്യൂസിയം പൊലീസ് ഇന്നലെ കേസെടുക്കുകയായിരുന്നു.
Discussion about this post