ഡൽഹി: അയോധ്യയിലെ തർക്കമന്ദിരം തകർക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ പ്രതിയാക്കപ്പെട്ടവരെ കുറ്റവിമുക്തരാക്കിയ സിബിഐ കോടതി വിധി ചരിത്രപരമെന്ന് മുരളി മനോഹർ ജോഷി. വിധിയെ ബിജെപി സ്വാഗതം ചെയ്തു.
ഇത് കോടതിയുടെ ചരിത്രപരമായ തീരുമാനമാണ്. ഡിസംബര്‍ 6 ന് അയോധ്യയില്‍ നടന്ന സംഭവത്തില്‍ ഗൂഢാാലോചന നടന്നിട്ടില്ലെന്നാണ് ഇത് തെളിയിക്കുന്നത്. ഞങ്ങളുടെ പരിപാടിയും റാലികളും ഗൂഢാലോചനയുടെയും ഭാഗമായിരുന്നില്ല. ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഇനി രാമക്ഷേത്രത്തിന്റെ നിർമ്മാണത്തിനാണ് എല്ലാവരും ശ്രദ്ധ ചെലുത്തേണ്ടതെന്നും മുരളി മനോഹർ ജോഷി പറഞ്ഞു.
വിധിയെ സ്വാഗതം ചെയ്യുന്നു. വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ സന്യാസിമാരെയും ബിജെപി നേതാക്കളെയും വി എച്ച് പി പ്രവർത്തകരെയും കള്ളക്കേസില്‍ കുടുക്കിയിരുന്നുവെന്ന് ഈ വിധി തെളിയിക്കുന്നു. തെറ്റിദ്ധാരണാജനകമായ ഈ ഗൂഢാലോചനയ്ക്ക് ഉത്തരവാദികളായവര്‍ രാജ്യത്തോട് ക്ഷമ ചോദിക്കണമെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഭിപ്രായപ്പെട്ടു.
ഡിസംബര്‍ 6 ലെ മുഴുവന്‍ സംഭവങ്ങൾക്കും ഞാന്‍ സാക്ഷിയായിരുന്നു. അതെല്ലാം പെട്ടെന്നുണ്ടായ പ്രതികരണത്തിന്റെ ഭാഗമായിരുന്നു. ഗൂഢാലോചന ആയിരുന്നില്ല. ബിജെപി നേതാവും ബിഹാർ ഉപമുഖ്യമന്ത്രിയുമായ സുശീല്‍ കുമാര്‍ മോദി ട്വീറ്റ് ചെയ്തു.
എക്കാലത്തും സത്യം മാത്രമേ വിജയിക്കൂ. ഭാരതീയ ജനതാ പാർട്ടിയുടെ വിശ്വാസത്തിന്റെയും രാമക്ഷേത്ര നിർമ്മാണത്തിനായുള്ള അർപ്പണ മനോഭാവത്തിന്റെയും പ്രതീകമാണ് വിധിയെന്ന് പ്രതികരിച്ച മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനി, ജയ് ശ്രീരാം മുഴക്കിയാണ് കോടതി വിധിയെ സ്വാഗതം ചെയ്തത്.
അയോധ്യയിലെ തർക്കമന്ദിരം തകർത്തതുമായി ബന്ധപ്പെട്ട കേസിലെ ലഖ്നൗ സിബിഐ കോടതി വിധി സ്വാഗതാർഹമെന്ന് രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ് അഭിപ്രായപ്പെട്ടു. വൈകിയാണെങ്കിലും നീതി നടപ്പിലായതായും അദ്ദേഹം ട്വീറ്റ് ചെയ്തു.








