ന്യൂഡൽഹി : സിവിൽ സർവീസ് പരീക്ഷ മാറ്റിവെയ്ക്കുന്നത് വൻ സാമ്പത്തിക നഷ്ടത്തിന് ഇടയാക്കുമെന്ന് സുപ്രീംകോടതിയിൽ യുപിഎസ്‌സി. കോവിഡ്, രാജ്യത്തിന്റെ പല ഭാഗങ്ങളിലുണ്ടായ വെള്ളപ്പൊക്കം എന്നിവ കണക്കിലെടുത്ത് ഒക്ടോബർ 4 ന് നടത്താനുദ്ദേശിക്കുന്ന പരീക്ഷ മാറ്റി വയ്ക്കണമെന്നാവശ്യപ്പെട്ട് ഉദ്യോഗാർത്ഥികളായ 20 പേർ പൊതുതാൽപര്യ ഹർജി സമർപ്പിച്ചിരുന്നു. ഇതിൽ വാദം കേൾക്കുന്നതിന് മുമ്പാണ് യുപിഎസ്‌സി ഇക്കാര്യം വ്യക്തമാക്കി സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിട്ടുള്ളത്.
പരീക്ഷയുടെ നടത്തിപ്പിനായി ഇതിനോടകം തന്നെ 50 കോടിയോളം രൂപ ചെലവായെന്നും പരീക്ഷ മാറ്റി വെച്ചാൽ സാമ്പത്തിക നഷ്ടം ഉണ്ടാകുന്നതിനോടൊപ്പം മെയിൻ പരീക്ഷയുടെ ഷെഡ്യൂളിനെ തടസ്സപ്പെടുത്തുമെന്നും യുപിഎസ്‌സി സമർപ്പിച്ച സത്യവാങ്മൂലത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. അപേക്ഷകരിൽ ഏകദേശം 65 ശതമാനം പേരും അഡ്മിഷൻ ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്തുകഴിഞ്ഞു. പരീക്ഷ നടത്തിപ്പിനുള്ള എല്ലാ നടപടികളും പൂർത്തിയായി. പ്രശ്നമില്ലാതെ പരീക്ഷ എഴുതാനുള്ള എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട് – യുപിഎസ്‌സി സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
Discussion about this post