ദളിത് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതിനും മത പരിവർത്തനം നടത്താൻ നിർബന്ധിച്ചതിനും സമാജ് വാദി പാർട്ടി നേതാവ് തൻവീർ ഖാനെതിരെ കേസെടുത്തു. ഉത്തർപ്രദേശിലുള്ള ഷാജഹാൻപൂരിലെ സമാജ് വാദി പാർട്ടി അധ്യക്ഷനാണ് തൻവീർ ഖാൻ. തൻവീർ ഖാനെ കൂടാതെ കവർച്ചയ്ക്കും പീഡന ശ്രമത്തിനും ദുർഗേഷ് സക്സേന, കാഫീൽ അഹമ്മദ്, വൈശാലി സക്സേന എന്നീ മൂന്നു പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഷാജഹാൻപൂരിലെ കോട്ടവാലിയാണ് സംഭവം നടന്നത്.
ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 354 (സ്ത്രീകളുടെ അന്തസ്സിന് ക്ഷതമേല്പിക്കുക എന്ന ഉദ്ദേശത്തോടെ ആക്രമിക്കുക), 379 (മോഷണം ), 392 (കവർച്ച), 504 (മനഃപൂർവം അപമാനിക്കുക ), 506 (ഭീഷണിപ്പെടുത്തുക) എന്നീ വകുപ്പുകൾ പ്രകാരവും ഷെഡ്യൂൾഡ് കാസ്റ്റ്സ് ആന്റ് ഷെഡ്യൂൾഡ് ട്രൈബ്സ് ( പ്രിവൻഷൻ ഓഫ് അട്രോസിറ്റീസ് ) ആക്ടിനു കീഴിലെ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സംഭവത്തെ തുടർന്ന് എസ്എസ്പി ഓഫീസിലേക്കും പോലീസ് സ്റ്റേഷനികളിലേക്കും ഹിന്ദു യുവ വാഹിനിയിലെ അംഗങ്ങൾ പ്രതിഷേധ മാർച്ച് നടത്തി.











