ജയ്പുർ: ഹത്രാസ് കൊലപാതക കേസ് മുൻനിർത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ കോൺഗ്രസ്സ് തയ്യാറെടുക്കുമ്പോൾ പാർട്ടി ഭരിക്കുന്ന രാജസ്ഥാനിൽ നിന്നും വരുന്നത് ആരെയും നാണിപ്പിക്കുന്ന കണക്കുകൾ. സെപ്റ്റംബർ 18 മുതൽ മുപ്പത് വരെയുള്ള പന്ത്രണ്ട് ദിവസങ്ങൾക്കുള്ളിൽ മാത്രം എട്ട് സ്ത്രീകളാണ് സംസ്ഥാനത്ത് ബലാത്സംഗങ്ങൾക്ക് ഇരയായത്.
സെപ്റ്റംബർ 18ന് അൽവാർ ജില്ലയിലെ ഒരു സ്ത്രീ തന്റെ മരുമകനോടൊപ്പം ഹരിയാനയിൽ നിന്ന് അൽവാറിലെ വീട്ടിലേക്ക് വരികയായിരുന്നു. യാത്രാമധ്യേ ആറ്പേർ ചേർന്ന് ഇവരെ ബന്ദിയാക്കി . ബന്ദിയാക്കിയ ശേഷം യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയും തുടർന്ന് അനന്തരവനുമായി നിർബന്ധിച്ച് ശാരീരിക ബന്ധത്തിൽ ഏർപ്പെടുത്തുകയും ചെയ്തു. ആറ് പ്രതികളിൽ നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും രണ്ടുപേർ ഇപ്പോഴും ഒളിവിലാണ്.
സെപ്റ്റംബർ 20ന് ധോൽപൂർ ജില്ലയിലെ ബേസിഡി എന്ന സ്ഥലത്ത് രണ്ട് ഗുണ്ടാസംഘങ്ങൾ വീട്ടിൽ കയറി 14 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു. ബലാത്സംഗത്തിന് ശേഷം പെൺകുട്ടി ആത്മഹത്യ ചെയ്തു. പ്രതികളിലൊരാളെ ഗ്രാമവാസികൾ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.
സെപ്റ്റംബർ 21ന് അൽവാറിലെ നീമ്രാനയിൽ നാല് വയസുകാരിയായ നേപ്പാളി പെൺകുട്ടി കൂട്ടബലാത്സംഗം ചെയ്യപ്പെട്ടു. സെപ്റ്റംബർ 25ന് സിറോഹിയിൽ 6 വയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി.
സെപ്റ്റംബർ 30ന് എട്ടാം ക്ലാസ് വിദ്യാർത്ഥിയെ അംബറിലെ സ്കൂളിൽ വെച്ച് ബലാത്സംഗം ചെയ്തു. അന്നേ ദിവസം തന്നെ ബാരനിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ ബലാത്സംഗം ചെയ്തു. സീക്കറെയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തതും ഇതേ ദിവസമാണ്.
ഹത്രാസ് സന്ദർശിക്കാൻ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധി വാദ്രയും മത്സരിക്കുമ്പോൾ അയൽ സംസ്ഥാനങ്ങളിലൊന്നായ ഹരിയാനയിൽ സ്ത്രീകൾ അങ്ങേയറ്റം അരക്ഷിതാവസ്ഥയിലാണ് കഴിയുന്നതെന്ന് ക്രൈം റെക്കോർഡ്സ് ബ്യൂറോ അടക്കം സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ മാസം മാത്രം സംസ്ഥാനത്ത് ശരാശരി 14 സ്ത്രീകൾ ബലാത്സംഗങ്ങൾക്ക് ഇരകളായി എന്നാണ് കണക്കുകൾ.
ഈ വർഷം ഓഗസ്റ്റ് വരെയുള്ള എട്ട് മാസക്കാലയളവിൽ മാത്രം 3498 ബലാത്സംഗ കേസുകളും 5779 പീഡന കേസുകളും സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. ഭീകരവും അറപ്പുളവാക്കുന്ന തരത്തിലുള്ളവയുമാണ് മിക്ക സംഭവങ്ങളുമെന്ന് ദേശീയ മാധ്യമങ്ങൾ സഹിതം റിപ്പോർട്ട് ചെയ്യുമ്പോഴും ഒരു വാക്കു കൊണ്ട് പോലും പ്രതികരിക്കാൻ തയ്യാറാകാത്ത കോൺഗ്രസ്സ് നേതാക്കളുടെ ഇരട്ടത്താപ്പ് പരിഹാസ്യമാകുകയാണ്.
Discussion about this post