പനജി: കാർഷിക നിയമങ്ങൾ രാജ്യത്തെ കർഷകർ ഇരു കൈയ്യും നീട്ടി സ്വീകരിച്ചതായി കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കർ. കാര്‍ഷിക നിയമങ്ങളിലൂടെ ‘ഒരു രാജ്യം ഒരു വിപണി’ എന്ന ലക്ഷ്യമാണ് പ്രധാനമന്ത്രി മുന്നോട്ട് വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജി എസ് ടിയിലൂടെ നമുക്ക് ഒരു രാജ്യം, ഒരു നികുതി എന്ന ലക്ഷ്യം നേടാനായി. കാര്‍ഷിക ബില്ലിലൂടെ നമുക്ക് ഒരു രാജ്യം, ഒരു വിപണി എന്ന ലക്ഷ്യവും നേടാൻ സാധിക്കും. ഒരു രാജ്യം, ഒരു റേഷന്‍ കാർഡ് പദ്ധതി ഇതിനോടകം പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞു. പ്രധാനമന്ത്രിക്ക് രാഷ്ട്രത്തെ കുറിച്ച വലിയ സങ്കൽപ്പങ്ങളാണ് ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
പഞ്ചാബിൽ അല്ലാതെ ഇന്ത്യയുടെ മറ്റൊരു ഭാഗത്തും പ്രതിഷേധങ്ങൾ നടക്കുന്നില്ല. അവിടത്തെ സർക്കാരിന്റെ നിലപാടാണ് അവിടെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. യഥാർത്ഥത്തിൽ കർഷകർ കാർഷിക നിയമത്തെ സ്വാഗതം ചെയ്തിരിക്കുകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. പനജിയിൽ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.







