ഡല്‍ഹി: രാജ്യത്ത് നിന്ന് വായ്പയെടുത്ത് മുങ്ങിയ വിജയ് മല്യയെ തിരികെയെത്തിക്കുന്നതിനുള്ള രഹസ്യനടപടികള്‍ പുരോഗമിക്കുകയാണെന്ന് സുപ്രീംകോടതിയെ അറിയിച്ച് കേന്ദ്രസര്‍ക്കാര്‍. കേന്ദ്രസര്‍ക്കാറും യു.കെ സര്‍ക്കാറും തമ്മില്‍ ചില രഹസ്യ നടപടികള്‍ പൂര്‍ത്തിയാക്കാനുണ്ട് അതിന് ശേഷം മല്യയെ നാട്ടിലെത്തിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ നിലപാടറിയിച്ചു.
അതേസമയം വിജയ് മല്യയെ എപ്പോള്‍ നാട്ടിലെത്തിക്കാന്‍ സാധിക്കുമെന്നത് സംബന്ധിച്ച് വിവരങ്ങളറിയിക്കാന്‍ മല്യയുടെ അഭിഭാഷകരോട് കോടതി ആവശ്യപ്പെട്ടു. നവംബര്‍ രണ്ടിനകം ഇക്കാര്യം അറിയിക്കാനാണ് ഉത്തരവ്. വിജയ് മല്യയെ തിരികെ എത്തിക്കുന്നത് സംബന്ധിച്ച് വിദേശകാര്യമന്ത്രാലയമാണ് സുപ്രീംകോടതിയില്‍ നിലപാട് അറിയിച്ചത്.
ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്ന് 9,000 കോടി വായ്പയെടുത്താണ് മല്യ വിദേശത്തേക്ക് മുങ്ങിയത്. 2016 മുതല്‍ മല്യയെ തിരികെയെത്തിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍.
Discussion about this post