കൊച്ചി: ലൈഫ് മിഷന് അഴിമതിയുമായി ബന്ധപ്പെട്ട് ലൈഫ് മിഷന് സിഇഒ യു.വി. ജോസിനെ സിബിഐ ഒമ്പതു മണിക്കൂര്‍ ചോദ്യം ചെയ്തശേഷം വിട്ടയച്ചു. കൊച്ചിയിലെ സിബിഐ ഓഫീസില്‍ ഇന്നലെ രാവിലെ 11ന് ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി എട്ടുവരെ നീണ്ടു. ലൈഫ് മിഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരായ ബാബുകുട്ടന് നായര്‍, അജയ് കുമാര്‍ എന്നിവരും സിബിഐയ്ക്കു മുന്നില്‍ ഹാജരായി.
റെഡ് ക്രസന്റും ലൈഫ് മിഷനും തമ്മിലുള്ള ധാരണാ പത്രം ഉള്‍പ്പെടെ സുപ്രധാന ആറു രേഖകളില്‍ ഏതാനും രേഖകള്‍ സിബിഐയ്ക്കു നല്കി. ഏതാനും ഫയലുകള്‍ വിജിലന്‍സ് കസ്റ്റഡിയിലായതു മൂലം കൈമാറാന്‍ കഴിഞ്ഞില്ല. പദ്ധതിക്കായി റവന്യു ഭൂമി യൂണിടാക്കിനു ലൈഫ് മിഷന് കൈമാറിയതിന്റെ രേഖകള്‍, ലൈഫ് പദ്ധതിയില്‍ നിര്‍മിക്കുന്ന ഫ്ളാറ്റുകള്‍, ഹെല്‍ത്ത് സെന്ററുകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട ഫയലുകള്‍ ഹാജരാക്കാന്‍ സിബിഐ ആവശ്യപ്പെട്ടിരുന്നു.
അതേസമയം നേരത്തെ, നല്കിയ മൊഴികളില്‍ ഉറച്ചുനിന്നാണു യു.വി. ജോസ് മൊഴി നല്‍കിയതെന്നാണു സൂചന. നയം സ്വീകരിക്കുന്നതും കരാര്‍ ഉണ്ടാക്കുന്നതും സര്‍ക്കാരാണെന്നും അതു നടപ്പാക്കാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥന് മാത്രമാണു താനെന്നുമുള്ള വാദത്തിൽ അദ്ദേഹം ഉറച്ചു നിന്നതായാണ് റിപ്പോർട്ട്.
Discussion about this post