കൊച്ചി: സിനിമാ ഷൂട്ടിംഗിനിടെ പരിക്കേറ്റ നടൻ ടൊവിനോ തോമസ് തീവ്രപരിചരണ വിഭാഗത്തിൽ തുടരുമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. താരം നാളെ രാവിലെ 11 മണിവരെ തീവ്ര പരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിൽ തുടരും. തുടർന്ന് ആൻജിയോഗ്രാം ടെസ്റ്റ് നടത്തുമെന്നും മെഡിക്കൽ ബുള്ളറ്റിൻ പറഞ്ഞു. ടൊവിനോയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ചു.
‘കള‘ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു താരത്തിന് പരിക്കേറ്റത്. സിനിമയിലെ ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരിക്കേറ്റത്. രണ്ട് ദിവസം മുമ്പ് പിറവത്തെ സെറ്റിൽ വച്ചായിരുന്നു അപകടം. സംഘട്ടന രംഗങ്ങളാണ് കഴിഞ്ഞ കുറച്ചുദിവസമായി ചിത്രീകരിച്ചു കൊണ്ടിരുന്നത്. അവിടെ വച്ച് വയറിന് ചവിട്ടേറ്റതാണ് പരിക്കിന് കാരണം.
‘അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ‘, ‘ഇബിലീസ്‘ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് രോഹിത് വി എസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കള‘.









