മലപ്പുറം : ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുല്ലക്കുട്ടിയുടെ കാർ മലപ്പുറത്തു വച്ച് അപകടത്തിൽപ്പെട്ടു. കാറിനു പിറകിൽ ലോറി വന്നിടിക്കുകയായിരുന്നു. അപകടം ആസൂത്രിതമാണെന്ന് അബ്ദുല്ലക്കുട്ടി പറഞ്ഞു. തന്റെ കാറിനു പിന്നിൽ ലോറി രണ്ടു തവണ വന്നിടിച്ചുവെന്നാണ് സംഭവത്തെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചത്. കാറിന്റെ ഒരു ഒരു ഭാഗം തകർന്നുവെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്തു നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്നു അബ്ദുല്ലക്കുട്ടിയുടെ കാർ. യാത്രയ്ക്കിടെ മലപ്പുറം രണ്ടത്താണിയിൽ വച്ച് കാറിനു പുറകിൽ ലോറി വന്നിടിക്കുകയായിരുന്നു. കെ.എൽ 65 എം 6145 നമ്പറുള്ള ലോറിയാണ് പിന്നിൽ ഇടിച്ചു കയറിയത്. ഡ്രൈവർ ഉറങ്ങിപ്പോയി എന്നായിരുന്നു വിശദീകരണമെന്നും സംഭവത്തിൽ അന്വേഷണം വേണമെന്നും അബ്ദുല്ലക്കുട്ടി ആവശ്യപ്പെട്ടു. വെളിയങ്കോട് ഹോട്ടലിൽ നിന്നും താൻ ഭക്ഷണം കഴിച്ചിറങ്ങുമ്പോൾ, രണ്ടുപേർ മനപ്പൂർവ്വം പ്രശ്നമുണ്ടാക്കാൻ എത്തിയിരുന്നുവെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു. പോലീസിൽ പരാതി നൽകുമെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കിയിട്ടുണ്ട്.
അപകടത്തിന് പിറകിൽ കൃത്യമായ ഗൂഢാലോചനയുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ ആരോപിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും, കുറ്റക്കാർക്കെതിരെ ഉടൻ നടപടിയെടുക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
Discussion about this post