ഗ്വാളിയോർ : തനിക്ക് ഭൂമാഫിയയുമായി ബന്ധമുണ്ടെന്ന കോൺഗ്രസിന്റെ ആരോപണങ്ങൾക്ക് കടുത്ത മറുപടി നൽകി ജ്യോതിരാദിത്യ സിന്ധ്യ. തന്റെ കുടുംബത്തിന്റെ 300 വർഷമായുള്ള സ്വത്തുക്കൾ മാത്രമാണ് താൻ സ്വന്തമാക്കിയിട്ടുള്ളതെന്നും എല്ലാവർക്കും തന്റെ സ്വത്തുക്കളെല്ലാം 300 വർഷം പഴക്കമുള്ളതാണെന്ന കാര്യം അറിയാമെന്നുമാണ് ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞത്.
ഉപതിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടും സിന്ധ്യ ബിജെപിയിൽ ചേർന്നതിന്റെ വിരോധത്തിലുമാണ് കോൺഗ്രസ് സിന്ധ്യയെ അഴിമതിക്കാരനായി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്. പുതിയ മഹാരാജാക്കന്മാരോടാണ് തനിക്കു മറ്റൊരു കാര്യം ചോദിക്കാനുള്ളതെന്നും എങ്ങനെയാണ് നിങ്ങൾ സ്വത്ത് സമ്പാദിച്ചതെന്ന് ആദ്യം വെളിപ്പെടുത്തണമെന്നും സിന്ധ്യ പറഞ്ഞു.
“ഞാൻ ജനിച്ചത് ഗ്വാളിയോർ രാജകുടുംബത്തിലാണ്. അത് എന്റെ പിഴവാണെങ്കിൽ, സന്തോഷത്തോടെ അതിനെ അംഗീകരിക്കും”- ജ്യോതിരാദിത്യ സിന്ധ്യ കൂട്ടിച്ചേർത്തു. ഭൂമാഫിയയുമായി ബന്ധപ്പെട്ട തുടരെതുടരെയുള്ള ആരോപണങ്ങൾ സിന്ധ്യയെ ചൊടിപ്പിച്ചതിനാലാണ് കടുത്ത ഭാഷയിലുള്ള മറുപടിയുമായി അദ്ദേഹം രംഗത്തു വന്നത്.
Discussion about this post