തിരുവനന്തപുരം : റൂൾസ് ഓഫ് ബിസിനസ് ചട്ട ഭേദഗതിയോട് കടുത്ത എതിർപ്പുമായി മറ്റ് മന്ത്രിമാർ. ഭരണത്തിൽ, അധികാരം മുഖ്യമന്ത്രിയിലേക്കും ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറിമാർ എന്നിവരിലേക്കും കേന്ദ്രീകരിക്കുന്ന ചട്ട ഭേദഗതിയാണ് റൂൾസ് ഓഫ് ബിസിനസ്. മന്ത്രി എ.കെ ബാലൻ അധ്യക്ഷനായ മന്ത്രിസഭാ ഉപസമിതി ഇത് സംബന്ധിച്ച് കരട് നിർദ്ദേശങ്ങൾ പരിശോധിക്കാൻ യോഗം ചേർന്നപ്പോഴാണ് കടുത്ത എതിർപ്പ് ഉയർന്നത്.
ബീഹാറിലും ഉത്തരാഖണ്ഡിലും ഇങ്ങനെയൊക്കെ നടക്കുമായിരിക്കും, കേരളത്തിൽ നടക്കില്ലെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ യോഗത്തിൽ പ്രഖ്യാപിച്ചു. ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയും മറ്റു വകുപ്പ് സെക്രട്ടറിമാരും മാത്രം മതിയെങ്കിൽ, മറ്റുള്ള മന്ത്രിമാർ എന്തിനാണെന്നും ചന്ദ്രശേഖരൻ ചോദിച്ചു. ജനാധിപത്യ സംവിധാനത്തിൽ അധികാരം എപ്പോഴും ജനപ്രതിനിധികളിൽ നിക്ഷിപ്തമായിരിക്കണമെന്നു പറഞ്ഞ ചന്ദ്രശേഖരൻ, കരടു നിർദ്ദേശങ്ങളോട് ഒരിക്കലും യോജിക്കാനാവില്ലെന്നും തുറന്നടിച്ചു.
മന്ത്രി കെ.കൃഷ്ണൻകുട്ടിയും യോഗത്തിൽ കരട് നിർദ്ദേശങ്ങളോട് എതിർപ്പ് പ്രകടിപ്പിച്ചു. കാലാവധി തീരാൻ ഏതാനും മാസം മാത്രം അവശേഷിച്ചിരിക്കുന്ന സാഹചര്യത്തിൽ, ഇത്തരമൊരു മാറ്റത്തിന്റെ ആവശ്യമെന്താണെന്ന് എ.കെ ശശീന്ദ്രനും രാമചന്ദ്രൻ കടന്നപ്പള്ളിയും ചോദിച്ചു. മന്ത്രിമാരുടെ അധികാരം കുറയ്ക്കുന്നതും വകുപ്പ് സെക്രട്ടറിമാരുടെ അധികാരം മന്ത്രിമാർക്ക് തുല്യമാക്കുന്നതും അംഗീകരിക്കാൻ പറ്റില്ലെന്നായിരുന്നു മന്ത്രിമാരുടെ നിലപാട്. മന്ത്രിമാർ മാത്രമല്ല, സിപിഐ ഉൾപ്പെടെയുള്ള പാർട്ടികളും സെക്രട്ടറിമാർക്ക് അമിതാധികാരം നൽകുന്നതിനെ എതിർക്കുന്നു.
മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന് അമിതാധികാരം ലഭിച്ചതിന്റെ പരിണിതഫലമാണ് സ്പ്രിംഗ്ലർ മുതൽ ലൈഫ് മിഷൻ വരെയുള്ള പദ്ധതികളിലെ ക്രമക്കേടുകൾ. അതിന്റെ തിരിച്ചടികൾ സർക്കാർ അനുഭവിക്കുമ്പോൾ തന്നെ ഇത്തരമൊരു പരിഷ്കാരം കൊണ്ടു വരേണ്ടതിന്റെ ആവശ്യമില്ലെന്നാണ് മന്ത്രിമാരുടെ നിലപാട്.












