കോട്ടയം: ജോസ് കെ മാണിയുടെ മുന്നണിപ്രവേശനം എൽഡിഎഫിൽ പുതിയ പോരിന് വഴി തുറക്കുന്നു. തുടർച്ചയായ മൂന്ന് തെരഞ്ഞെടുപ്പുകളിൽ കെ എം മാണിയോട് മത്സരിച്ച് തോറ്റ ശേഷം 2019ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാർത്ഥി ജോസ് ടോമിനെ അട്ടിമറിച്ച് വിജയം നേടിയ എൻസിപി നേതാവ് മാണി സി കാപ്പൻ പാലാ സീറ്റ് വിട്ടു നൽകില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ കെ എം മാണിയുടെ സ്വന്തം സീറ്റായിരുന്ന പാലാ വിട്ടൊരു കളിക്കും തയ്യാറല്ലെന്ന ജോസ് കെ മാണിയുടെ നിലപാടാണ് ഇടത് മുന്നണിയിൽ പ്രതിസന്ധി സൃഷ്ടിക്കുന്നത്.
മൂന്ന് വട്ടം തോറ്റിട്ടും പിന്മാറാതെ മത്സരിച്ചു ജയിച്ച പാലാ സീറ്റ് കൊടുക്കാൻ മാണി സി കാപ്പൻ തയ്യാറാകാത്ത സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി കാപ്പൻ ആശയവിനിമയം നടത്തി എന്ന യുഡിഎഫ് കൺവീനറുടെ പ്രസ്താവന എൽഡിഎഫിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. പാലാ ജോസിന് നൽകണം എന്ന രാഷ്ട്രീയ തീരുമാനം എൽഡിഎഫ് ഔദ്യോഗികമായി പ്രഖ്യാപിച്ചാൽ കാപ്പൻ മുന്നണി വിട്ടേക്കും. ആ തീരുമാനത്തിനൊപ്പം അദ്ദേഹത്തിൻ്റെ പാർട്ടിയും നിന്നില്ലെങ്കിൽ എൻസിപി പിളർപ്പിലേക്ക് നീങ്ങും. ചിലപ്പോൾ എൽഡിഎഫിന് ഒരു സഖ്യകക്ഷിയെ നഷ്ടമാകുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തും.
മാണി സി കാപ്പൻ എൽഡിഎഫ് വിട്ടാൽ ഇത് യുഡിഎഫ് നേട്ടമാക്കും. കാപ്പന്റെ വ്യക്തിപ്രഭാവത്തിൽ അവർക്ക് പാലാ സീറ്റ് തിരികെ പിടിക്കാൻ കഴിഞ്ഞേക്കും. എൻഡിഎ ക്യാമ്പും തികഞ്ഞ കൗതുകത്തോടെയാണ് പാലായിലെ സാഹചര്യങ്ങൾ നോക്കിക്കാണുന്നത്. പാലായിൽ നിർണ്ണായക സ്വാധീനമുള്ള നേതാവാണ് പി സി തോമസ്.












