നോർത്ത് ട്രീറ്റി ഓർഗനൈസേഷൻ (നാറ്റോ) സഖ്യശക്തികൾ അണുബോംബിടാൻ പരിശീലനം നടത്തുന്നു. ജർമനിയിലെ നോർവെനീഷ് എയർ ബേസിലാണ് യൂറോപ്യൻ ശക്തികളുടെ ന്യൂക്ലിയർ ഡ്രിൽ നടക്കുന്നത്.
യൂറോഫൈറ്റർ ടൈഫൂൺ, എഫ്-22 അടക്കം നിരവധി യുദ്ധവിമാനങ്ങളാണ് നോർവെനീഷ് വ്യോമ താവളത്തിൽ അണിനിരന്നിരിക്കുന്നത്. ഓപ്പറേഷൻ ‘സ്റ്റെഡ്ഫാസ്റ്റ് നൂൺ’ എന്നാണ് സംയുക്ത വ്യോമാഭ്യാസത്തിന് പേര് നൽകിയിരിക്കുന്നത്. അമേരിക്കൻ നിർമിത ആണവായുധങ്ങൾ കൊണ്ടു പോകാനും കൈകാര്യം ചെയ്യാനും വിക്ഷേപിക്കാനുമാണ് ഡച്ച്, ബെൽജിയം, ഇറ്റലി മുതലായ സഖ്യശക്തികൾ നോക്കുന്നത്. അമേരിക്കയുടെ ഹൈഡ്രജൻ ബോംബുകൾ സൂക്ഷിക്കുന്നതിനാൽ കുപ്രസിദ്ധമാണ് നോർവെനീഷ് സൈനിക താവളം.
നാറ്റോ സഖ്യ ശക്തികളുടെ ഈ സൈനികാഭ്യാസം റഷ്യയ്ക്കുള്ള ഒരു മുന്നറിയിപ്പായാണ് കണക്കാക്കുന്നത്. രണ്ടു വർഷം മുൻപാണ് റഷ്യയുമായി ഒപ്പിട്ട മധ്യദൂര ആണവായുധങ്ങൾ ഉപയോഗിക്കില്ലെന്നുള്ള കരാറിൽ നിന്നും അമേരിക്ക ഏകപക്ഷീയമായി പിന്മാറുന്നത്. അതിനാൽ തന്നെ റഷ്യ ഈ വ്യോമാഭ്യാസത്തെ ഗൗരവമായിത്തന്നെയാണ് നോക്കിക്കാണുന്നത്.












