ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പൃഥ്വി 2 ബാലിസ്റ്റിക്ക് മിസൈൽ രണ്ടാം തവണയും വിജയകരമായി രാത്രി പരീക്ഷണം പൂർത്തിയാക്കി . സ്ട്രാറ്റെജിക്ക് ഫോഴ്സ് കമാന്റിന്റെ നേതൃത്വത്തിൽ ഒഡീഷ തീരത്തുള്ള ബാലസോർ ടെസ്റ്റ് റേഞ്ചിൽ വെച്ചാണ് പരീക്ഷണം നടന്നത്.
ആണവായുധം വഹിക്കാൻ ശേഷിയുള്ള മിസൈലാണ് പൃഥ്വി 2. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ ഭൗമ – ഭൗമ മിസൈലും ഇതാണ്. ഇരട്ട ദ്രവീകൃത എൻജിനുകളുള്ള മിസൈലിന് ആയിരം കിലോഗ്രാമോളം ആണവപോർമുന വഹിച്ച് 250 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ കഴിയും. ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈൽ ഡെവലപ്മെന്റ് പ്രോഗ്രാമിനു കീഴിൽ ഡിആർഡിഒ വികസിപ്പിച്ചെടുത്ത ആദ്യത്തെ മിസൈലാണ് പൃഥ്വി 2. ഈ മിസൈലിന് 9 മീറ്റർ നീളമുണ്ട്.
മിസൈലിന്റെ സഞ്ചാരപഥം വിലയിരുത്താനും നിയന്ത്രിക്കാനും ഒഡീഷ തീരത്ത് റഡാറുകൾ, ഇലക്ട്രോ ഒപ്റ്റിക്ക് എലെമെന്ററി സ്റ്റേഷനുകൾ, ട്രാക്കിംഗ് സംവിധാനങ്ങൾ എന്നിവ സജ്ജീകരിച്ചിരുന്നു. സെപ്റ്റംബർ 27 നാണ് പൃഥ്വി-2 മിസൈലിന്റെ ആദ്യത്തെ രാത്രി പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയത്. 40 ദിവസത്തിനിടെ ഇന്ത്യ വിജയകരമായി പരീക്ഷിക്കുന്ന പതിനൊന്നാമത്തെ മിസൈലാണ് പൃഥ്വി-2.
Discussion about this post