തിരുവല്ല : മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷനും ആഗോളസഭാ ഐക്യ പ്രസ്ഥാനങ്ങളിൽ ഭാരതത്തിന്റെ ശബ്ദവുമായിരുന്ന ഡോക്ടർ ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത (89) അന്തരിച്ചു. ഇന്ന് പുലർച്ചെ രണ്ടരയോടെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. അന്തിമ കർമ്മങ്ങൾ പിന്നീട് നടത്തും.
മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ പിൻഗാമിയായിരുന്നു ഇദ്ദേഹം. 2007-മുതൽ 13 വർഷം മാർത്തോമ്മാ സഭയെ നയിച്ചു. സാമൂഹിക തിന്മകൾക്കെതിരെയുള്ള പോരാട്ടങ്ങളിലും ജീവകാരുണ്യ മേഖലയിലും സഭാ ഐക്യ പ്രസ്ഥാനങ്ങളിലും ജോസഫ് മാർത്തോമ്മാ നേതൃസ്ഥാനത്ത് തിളങ്ങിയിരുന്നു. രാജ്യത്തെ ക്രൈസ്തവ സഭാ നേതാക്കളിൽ മുഖ്യ സ്ഥാനീയൻ ആയിരുന്ന ഇദ്ദേഹം, സഭയിലെ വിപ്ലവകരമായ മാറ്റങ്ങൾക്കു ചുക്കാൻ പിടിച്ച മെത്രാപ്പൊലീത്തയാണ്.
രോഗികൾ, ദരിദ്ര ജന വിഭാഗങ്ങൾ, അശരണർ, ഭിന്നശേഷിക്കാർ തുടങ്ങിയവരുൾപ്പെടെ പാർശ്വവൽക്കരിക്കപ്പെട്ട എല്ലാവർക്കും വേണ്ടിയാണ് ജീവിതത്തിന്റെ ഏറിയ പങ്കും ഉഴിഞ്ഞു വെച്ചത്. ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള പത്തനാപുരത്തെ പ്രത്യാശ ഭവൻ മാവേലിക്കരയിലെ ജ്യോതിഷ് എന്നിവ ഇദ്ദേഹമാണ് ആരംഭിച്ചത്. മുംബൈ കാമാട്ടിപുരയിലെ ചുവന്ന തെരുവിലെ കുഞ്ഞുങ്ങൾക്കായി നവജീവൻ പ്രസ്ഥാനവും തുടങ്ങിയിരുന്നു. പ്രളയ ദുരിതം നേരിടുന്നവർക്ക് വേണ്ടി സഭയുടെ 100 വീടുകൾ എന്ന പദ്ധതിയും ഇദ്ദേഹം ആവിഷ്കരിച്ചതാണ്












