ന്യൂഡൽഹി : കോവിഡ് മഹാമാരിയ്ക്കെതിരെയുള്ള പോരാട്ടത്തിൽ രാജ്യത്ത് ഇതുവരെ 343 പോലീസ് ഉദ്യോഗസ്ഥർക്ക് ജീവൻ നഷ്ടമായെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പോലീസ് അനുസ്മരണ ദിനത്തിൽ ന്യൂഡൽഹിയിലെ ദേശീയ പോലീസ് സ്മാരകത്തിൽ ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തങ്ങളുടെ കടമ നിർവഹിക്കുന്നതിനിടയിൽ ജീവൻ ബലിയർപ്പിച്ച പോലീസുകാരോട് ഇന്ത്യയിലെ ജനങ്ങളും ഭരണകൂടവും കടപ്പെട്ടിരിക്കുന്നുവെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി വ്യക്തമാക്കി. മഹാമാരിയിൽ നിന്നും ജനങ്ങളെ സംരക്ഷിക്കുന്നതിനിടയിൽ ജീവൻ വെടിഞ്ഞ ധീരരായ പോലീസ് ഉദ്യോഗസ്ഥരെ രാജ്യം എക്കാലവും ഓർക്കുമെന്നും അമിത്ഷാ പറഞ്ഞു.
ദേശീയ പോലീസ് സ്മാരകം നിർമ്മിക്കുകയെന്ന കടമ ബിജെപി നിർവഹിച്ചുവെന്ന് പറഞ്ഞ ഷാ, ഇന്ത്യൻ പോലീസ് സേനയിലെ ഉദ്യോഗസ്ഥരുടെ ധീരതയുടെ കഥകൾ മുഴങ്ങുന്ന സ്മാരകം വരുംകാല തലമുറകൾക്ക് പ്രചോദനമായി നിലകൊള്ളുമെന്നും ഷാ പ്രസംഗത്തിനിടയിൽ വ്യക്തമാക്കി. ലഹരിമരുന്ന് ഉപഭോഗം, സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ, മനുഷ്യക്കടത്ത് എന്നിവ സമ്പൂർണ്ണമായി ഇല്ലാതാക്കാൻ സാങ്കേതിക വിദ്യയിലൂന്നിയ ഒരു സായുധസേനയ്ക്ക് കേന്ദ്രസർക്കാർ രൂപം കൊടുക്കുമെന്നും ഷാ വ്യക്തമാക്കി.
Discussion about this post