ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഗുജറാത്തിൽ ഉദ്ഘാടനം ചെയ്യുക മൂന്ന് പദ്ധതികൾ. പകൽ സമയത്ത് ജലസേചനത്തിനു മുടങ്ങാതെ വൈദ്യുതി ലഭിക്കാൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി പ്രഖ്യാപിച്ച കിസാൻ സൂര്യോദയ യോജനയാണ് ഇതിൽ ഏറ്റവും പ്രധാനം.
ഈ പദ്ധതി പ്രകാരം പുലർച്ചെ അഞ്ചു മണി മുതൽ രാത്രി 9 മണി വരെ കർഷകർക്ക് മുടങ്ങാതെ വൈദ്യുതി ലഭ്യമാക്കും. 2023- ആവുമ്പോഴേക്കും പദ്ധതി യാഥാർഥ്യമാക്കാൻ 3500 കോടി രൂപയാണ് സംസ്ഥാന ഗവൺമെന്റ് ഇതിന് അനുവദിച്ചിരിക്കുന്നത്. യു.എൻ മേത്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജി റിസർച്ച് സെന്ററിലെ പീഡിയാട്രിക് പീഡിയാട്രിക് വിഭാഗത്തിനുള്ള സ്പെഷ്യൽ ഹൃദയ ആശുപത്രിയും അഹമ്മദാബാദ് സിവിൽ ഹോസ്പിറ്റലിൽ ടെലി കാർഡിയോളജി വിഭാഗത്തിന് വേണ്ടിയുള്ള പ്രത്യേക മൊബൈൽ ആപ്പും പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും.
യു.എൻ മേത്ത ഇൻസ്റ്റിറ്റ്യൂട്ട് 470 കോടി രൂപയ്ക്കുള്ള വികസന പ്രവർത്തനങ്ങളാണ് നടത്തുന്നത്. 450 കിടക്കയിൽ നിന്നും 1251 കിടക്കകളായി വർദ്ധിക്കുന്നതോടെ ആശുപത്രിയുടെ ചികിത്സാ സൗകര്യങ്ങളും നിലവാരവും ഉയരും. ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർ സ്പെഷാലിറ്റി കാർഡിയാക് ഇൻസ്റ്റിറ്റ്യൂട്ട് ആയി ഇതോടെ യു.എൻ മേത്ത ഇൻസ്റ്റിറ്റ്യൂട്ട് മാറും എന്നാണ് അധികൃതർ വിലയിരുത്തുന്നത്.











