കൊച്ചി : പണമിടപാടിൽ ഇടപെട്ടിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ വാദം പൊളിയുന്നു. ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലുമായി ശിവശങ്കർ നടത്തിയ വാട്സ്ആപ്പ് ചാറ്റ് വിവരങ്ങൾ പുറത്തായതോടെയാണ് സത്യാവസ്ഥ വെളിപ്പെട്ടത്. സ്വപ്നയെ മുൻനിർത്തി പിറകിലിരുന്നു പണമിടപാട് നടത്തിയ ശിവശങ്കറാണെന്ന് എൻഫോഴ്സ്മെന്റ് കോടതിയിൽ വാദിച്ചിരുന്നു.
മുൻകൂർ ജാമ്യാപേക്ഷ എതിർത്തു കൊണ്ട് ഹൈക്കോടതിയിലാണ് അധികൃതർ ഇപ്രകാരം വാദമുയർത്തിയത്. വാട്സാപ്പ് ചാറ്റിംഗ് വിശദാംശങ്ങൾ ഹൈക്കോടതിയിൽ എൻഫോഴ്സ്മെന്റ് വകുപ്പ് സീൽ വച്ച് കവറിൽ സമർപ്പിക്കുകയും ചെയ്തിരുന്നു. ഈ വാട്സ്ആപ്പ് ചാറ്റിലെ ചില വിവരങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ചാർട്ടേഡ് അക്കൗണ്ടന്റും നികുതി വിദഗ്ധനുമായ വേണുഗോപാൽ ശിവശങ്കറിന്റെ സുഹൃത്താണ്.
സ്വപ്നയ്ക്കു വേണ്ടി ലോക്കറിൽ പണം നിക്ഷേപിച്ച കാര്യങ്ങളെല്ലാം ഇരുവരും വാട്സാപ്പിൽ ചർച്ച ചെയ്യുന്നത് ചാറ്റിൽ നിന്ന് വ്യക്തമാണ്. നിക്ഷേപിച്ച പണം എന്തു ചെയ്യണമെന്നും ശിവശങ്കർ അഭിപ്രായം ചോദിക്കുന്നുണ്ട്.











