ന്യൂഡൽഹി : മൂന്നുലക്ഷം തെരുവു കച്ചവടക്കാർക്ക് ലോണുകൾ വിതരണം ചെയ്യാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി സ്ട്രീറ്റ് വെന്റേഴ്സ് ആത്മനിർഭർ നിധി യോജനയ്ക്കു (പിഎം സ്വനിധി) കീഴിലാണ് ലോണുകൾ അനുവദിച്ചിട്ടുള്ളത്. ഒക്ടോബർ 27 ന് വീഡിയോ കോൺഫറൻസ് വഴി തെരുവു കച്ചവടക്കാർക്ക് പ്രധാനമന്ത്രി ലോണുകൾ വിതരണം ചെയ്യും.
പരിപാടിയിൽ ലോണിനു അർഹരായ കച്ചവടക്കാരുമായി പ്രധാനമന്ത്രി സംവദിക്കുമെന്നാണ് ലഭ്യമായ വിവരങ്ങൾ. പിഎം സ്വനിധി പദ്ധതിക്കു കീഴിൽ തെരുവുകച്ചവടക്കാർക്ക് പതിനായിരം രൂപവരെയായിരിക്കും മൂലധനം ലഭിക്കുക. ഈ വർഷം ജൂൺ ഒന്നിനാണ് കോവിഡ് പ്രതിസന്ധി മൂലം ദുരിതത്തിലായ തെരുവുകച്ചവടക്കാരെ സഹായിക്കുന്നതിനായുള്ള പ്രധാനമന്ത്രി സ്ട്രീറ്റ് വെന്റേഴ്സ് ആത്മനിർഭർ നിധി യോജന ഉദ്ഘാടനം ചെയ്തത്. പാർശ്വവൽക്കരിക്കപ്പെട്ട ഭാഗങ്ങളിലുള്ള വ്യക്തികളെ ശാക്തീകരിക്കുകയെന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ഈ സ്കീമിനു കീഴിൽ സഹായത്തിനായി ഇരുപത്തിനാല് ലക്ഷത്തോളം അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. ഇതിൽ 12 ലക്ഷത്തിലധികം പേർക്ക് ഇതിനോടകം തന്നെ സഹായധനം അനുവദിച്ചു കഴിഞ്ഞു. 5.35 ലക്ഷം പേർക്കുള്ള ലോണുകളാണ് ഇതുവരെ വിതരണം ചെയ്തത്.
Discussion about this post