അമൃത്സർ : കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് കത്തെഴുതി മുൻ ബിജെപി എംഎൽഎ കൃഷ്ണാനന്ദ് റായിയുടെ ഭാര്യയും ബിജെപി എംഎൽഎയുമായ അൽക്ക റായ്. തന്റെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ബിഎസ്പി എംഎൽഎ മുക്താർ അൻസാരിയെ സഹായിക്കുന്നത് കോൺഗ്രസ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് അൽക്ക റായ് പ്രിയങ്കയ്ക്ക് കത്തെഴുതിയിട്ടുള്ളത്.
2005 -ൽ ബിജെപി എംഎൽഎ കൃഷ്ണാനന്ദ് റായിയെ ഉത്തർപ്രദേശിലെ ഗാസിയാപൂരിൽ വെച്ച് മുക്താർ അൻസാരി വെടിവെച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. ഇയാളെ പഞ്ചാബിലെ കോൺഗ്രസ് സർക്കാർ സംരക്ഷിക്കുകയാണെന്നും സമൻസയച്ചിട്ടും ഹാജരാകാത്ത പ്രതിയെ പൊലീസിനു അറസ്റ്റ് ചെയ്ത് കോടതിയിലെത്തിക്കാമായിരുന്നിട്ടും, ഉത്തർപ്രദേശിലേക്ക് മുക്താർ അൻസാരിയെ എത്തിക്കുന്നതിന് കോൺഗ്രസ് തടസ്സം നിൽക്കുകയാണെന്നുമാണ് അൽക്ക കത്തിൽ സൂചിപ്പിച്ചിട്ടുള്ളത്.
“ഇത്രയും വലിയൊരു കുറ്റവാളിയെ നിങ്ങളുടെ പാർട്ടി സംരക്ഷിക്കുകയാണ് എന്നതിൽ എനിക്കു അതിയായ ദുഖമുണ്ട്. നിങ്ങളുടെയോ രാഹുൽജിയുടെയോ അറിവോ സമ്മതമോ കൂടാതെ പാർട്ടി മുക്താർ അൻസാരിക്ക് സംരക്ഷണം നൽകുകയില്ല”- അൽക്ക റായ് കത്തിൽ പറയുന്നു. ഗാസിപൂരിലുള്ള മുഹമ്മദാബാദിലെ എംഎൽഎയാണ് അൽക്ക റായ്.












