ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ഹെഡ് കോച്ചും ഇതിഹാസ താരവുമായ രവി ശാസ്ത്രി 2016-ൽ ടീം ഡയറക്ടർ സ്ഥാനത്ത് നിന്ന് തന്നെ മാറ്റിയതിനെക്കുറിച്ച് തുറന്നുപറയുന്നു. 2014-ൽ ടീം ഡയറക്ടറായി ചുമതലയേറ്റ താൻ തികഞ്ഞ യോഗ്യതയുടെയും മികച്ച പ്രകടനത്തിന്റെയും അടിസ്ഥാനത്തിൽ തുടരാൻ അർഹനായിരുന്നുവെന്നും, എന്നാൽ മറ്റ് ചില ഉദ്ദേശ്യങ്ങളോടെയാണ് തനിക്ക് സ്ഥാനം നഷ്ടമാക്കിയതെന്നും രവി ശാസ്ത്രി ആരോപിച്ചു.
സൗരവ് ഗാംഗുലി, സച്ചിൻ ടെണ്ടുൽക്കർ, വി.വി.എസ്. ലക്ഷ്മൺ എന്നിവരടങ്ങിയ ബിസിസിഐയുടെ ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റി (സിഎസി) ടീം ഡയറക്ടർ പദവി നിർലാക്കി പകരം ഹെഡ് കോച്ച് സ്ഥാനത്തേക്ക് അപേക്ഷിക്കാൻ ആവശ്യപ്പെടുകയും, തുടർന്ന് അനിൽ കുംബ്ലെയെ പരിശീലകനായി തിരഞ്ഞെടുക്കുകയുമായിരുന്നു. ഈ തീരുമാനം അന്ന് രവി ശാസ്ത്രിയും ഗാംഗുലിയും തമ്മിൽ വലിയ പരസ്യപ്പോരിന് വഴിവെച്ചിരുന്നു.
ടീമിനെ വിജയപാതയിലാക്കാൻ തന്റെ സർവ്വസ്വവും നൽകിയ ശേഷം നേരിടേണ്ടി വന്ന ഈ തഴയൽ വലിയ മാനസിക വിഷമമുണ്ടാക്കിയെന്ന് റിപ്പബ്ലിക് ടിവിക്ക് നൽകിയ അഭിമുഖത്തിൽ ശാസ്ത്രി വെളിപ്പെടുത്തി. താൻ പടുത്തുയർത്തിയ ടീമിന്റെ വിജയഫലങ്ങൾ കണ്ടുതുടങ്ങുന്ന ഘട്ടത്തിൽ പുറത്തിരിക്കേണ്ടി വന്നത് കരിയറിലെ തന്നെ വലിയൊരു ആഘാതമായിരുന്നു.
എന്നാൽ ഈ തിരിച്ചടിയിൽ തളരാതെ താൻ കമന്ററി ബോക്സിലേക്ക് മടങ്ങിയെത്തുകയും ആ അനുഭവങ്ങളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളുകയും ചെയ്തു. 2017-ൽ ഹെഡ് കോച്ചായി വീണ്ടും ശക്തമായ തിരിച്ചുവരവ് നടത്താൻ ഇത് സഹായിച്ചുവെന്നും, ഡ്രെസ്സിംഗ് റൂമിലെ അനുഭവങ്ങളും യുവതാരങ്ങളുടെ ചിന്താഗതി മനസ്സിലാക്കാൻ കഴിഞ്ഞതും പിന്നീട് വലിയ നേട്ടമായെന്നും ചരിത്രം അത് തെളിയിച്ചുവെന്നും ശാസ്ത്രി കൂട്ടിച്ചേർത്തു.









