ക്യാപ്റ്റൻ കൂൾ’ എന്ന് ക്രിക്കറ്റ് ലോകം വിശേഷിപ്പിച്ച മഹേന്ദ്രസിംഗ് ധോണിക്ക് മൈതാനത്തിന് പുറത്ത് കലിപ്പായ നിമിഷത്തെക്കുറിച്ച് വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ ഒരിക്കൽ വെളിപ്പെടുത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ ടീം ഉത്തരവ് ലംഘിച്ച മലയാളി വേഗതാരം എസ്. ശ്രീശാന്തിനെ നാട്ടിലേക്ക് തിരിച്ചയക്കാൻ വരെ ധോണി തയാറായ സംഭവമാണ് അശ്വിൻ തന്റെ ആത്മകഥയായ ‘ഐ ഹാവ് ദി സ്ട്രീറ്റ്സ് – എ കുട്ടി ക്രിക്കറ്റ് സ്റ്റോറി’ എന്ന പുസ്തകത്തിലൂടെ വെളിപ്പെടുത്തിയത്.
മത്സരം നടക്കുമ്പോൾ സബ്സ്റ്റിറ്റ്യൂട്ട് കളിക്കാർക്കൊപ്പം ഡഗ്ഔട്ടിലിരിക്കണമെന്ന ക്യാപ്റ്റന്റെ നിർദ്ദേശം അവഗണിച്ച് ശ്രീശാന്ത് ഡ്രെസ്സിംഗ് റൂമിൽ മസാജ് ചെയ്യാനായി പോയതാണ് ധോണിയെ ചൊടിപ്പിച്ചത്. അന്ന് സബ്സ്റ്റിറ്റ്യൂട്ടായി ഡ്രിങ്ക്സ് ചുമതലയിലുണ്ടായിരുന്ന അശ്വിനോട് ശ്രീശാന്ത് എവിടെയാണെന്ന് ധോണി ആവർത്തിച്ച് അന്വേഷിച്ചു. ശ്രീശാന്ത് മസാജ് ചെയ്യുകയാണെന്ന് അശ്വിൻ അറിയിച്ചതോടെ ധോണി അത്യധികം കോപിഷ്ടനായി. തുടർന്ന് ടീം മാനേജർ രഞ്ജിബ് ബിശ്വാസിനോട് ശ്രീശാന്തിന് നാട്ടിലേക്ക് മടങ്ങാനുള്ള വിമാന ടിക്കറ്റ് നാളത്തേക്ക് തന്നെ ബുക്ക് ചെയ്യാൻ ആവശ്യപ്പെടാൻ ധോണി അശ്വിനോട് പറഞ്ഞു. ധോണിയുടെ ഭാവമാറ്റവും കടുത്ത തീരുമാനവും കണ്ട് താൻ പരിഭ്രമിച്ച് നിന്നുപോയെന്നും അശ്വിൻ ഓർത്തെടുത്തു
എന്നാൽ കാര്യം കൈവിട്ടുപോയെന്ന് മനസ്സിലാക്കിയ ശ്രീശാന്ത് തൊട്ടടുത്ത നിമിഷം തന്നെ ജേഴ്സിയണിഞ്ഞ് മൈതാനത്തേക്ക് ഓടിയെത്തുകയും ഡ്രിക്സ് ചുമതല ഏറ്റെടുക്കുകയുമായിരുന്നു. അത്രയും രോഷാകുലനായി ധോണിയെ തന്റെ കരിയറിൽ അതിനുമുമ്പോ ശേഷമോ കണ്ടിട്ടില്ലെന്നും അശ്വിൻ പുസ്തകത്തിൽ കുറിച്ചു.








