ഹരിയാനയിലെ ഫരീദാബാദിൽ 21 വയസുകാരി വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ കുറ്റസമ്മതം നടത്തി അക്രമി. അന്വേഷണ സംഘം അക്രമി ഉപയോഗിച്ച ആയുധം കണ്ടെടുത്തിട്ടുണ്ട്. ഫരീദാബാദ് വല്ലഭ്ഗഡ് അഗർവാൾ കോളേജ് വിദ്യാർത്ഥിനി നികിത തോമറാണ് കഴിഞ്ഞ ദിവസം വെടിയേറ്റു കൊല്ലപ്പെട്ടത്. പെൺകുട്ടി മറ്റൊരു വിവാഹം കഴിക്കാൻ തീരുമാനിച്ചതിനാലാണ് താൻ നികിതയെ കൊലപ്പെടുത്തിയതെന്ന് തൗസീഫ് പോലീസിനോട് പറഞ്ഞു.
സംഭവശേഷം, തൗസീഫിനെയും സുഹൃത്ത് രഹാനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകം നടന്നതിന്റെ തലേന്ന് രാത്രി നികിതയും തൗസീഫും ഫോണിൽ സംസാരിച്ചിരുന്നുവെന്നതിന്റെ തെളിവുകൾ പോലീസിനു ലഭിച്ചിട്ടുണ്ട്. സ്കൂളിൽ നികിതയുടെ സഹപാഠിയായിരുന്നു തൗസീഫ്. നേരത്തെ, തൗസീഫ് മതം മാറാൻ പെൺകുട്ടിയെ നിർബന്ധിച്ചിരുന്നതായി ആരോപിച്ച് നികിതയുടെ ബന്ധുക്കൾ രംഗത്തുവന്നിരുന്നു.
ബി.കോം അവസാന വർഷ വിദ്യാർത്ഥിനിയായ നികിത ഉച്ചയ്ക്ക് പരീക്ഷ കഴിഞ്ഞ് കോളേജിൽ നിന്നിറങ്ങിയപ്പോഴാണ് തൗസീഫ് നികിതയെ കൊലപ്പെടുത്തിയത്. നികിതയെ ഇയാൾ തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുകയായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. പെൺകുട്ടി ശക്തമായി എതിർത്തതോടെ ഇയാൾ വെടിയുതിർക്കുകയായിരുന്നു.
Discussion about this post