ഇസ്ലാമാബാദ് : പുൽവാമയിലെ ഭീകരാക്രമണം പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ നേട്ടമാണെന്ന് പരസ്യമായി പ്രസ്താവിച്ച് പാകിസ്ഥാൻ ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഫവാദ് ചൗധരി. പാർലമെന്റിലാണ് മന്ത്രി ഈ പ്രസ്താവന നടത്തിയത്.
” നമ്മൾ ഇന്ത്യയെ അവരുടെ മണ്ണിൽവെച്ച് തന്നെ ആക്രമിച്ചു. ഇമ്രാൻ ഖാന്റെ നേതൃത്വത്തിൽ സ്വന്തമാക്കിയ ഏറ്റവും വലിയ നേട്ടമാണ് പുൽവാമ. ഈ വിജയത്തിൽ പ്രതിപക്ഷ പാർട്ടികൾക്കും പങ്കുണ്ട്”- ഫവാദ് ചൗധരി കൂട്ടിച്ചേർത്തു. പാകിസ്ഥാനിൽ തടവിലായ ഇന്ത്യൻ വ്യോമസേന പൈലറ്റ് അഭിനന്ദൻ വർധമാനെ തിരിച്ചു നൽകിയത് ഇന്ത്യ ആക്രമിക്കുമെന്ന ഭയത്താലാണെന്ന് പാക് പ്രതിപക്ഷം നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ്, നാണക്കേട് മറയ്ക്കാനെന്നോണം പുൽവാമ ആക്രമണത്തെ ഇമ്രാൻഖാൻ നേതൃത്വത്തിനു കീഴിലെ ഏറ്റവും വലിയ നേട്ടമായി ചിത്രീകരിച്ച് ഫവാദ് ചൗധരി രംഗത്തു വന്നത്.
കഴിഞ്ഞ വർഷം ഫെബ്രുവരി 14-നാണ് രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണമുണ്ടായത്. തീവ്രസംഘടനയായ ജെയ്ഷ്-ഇ-മുഹമ്മദിലെ ഭീകരൻ സിആർപിഎഫ് ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിനു നേരെ ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തിൽ 40 ജവാൻമാരാണ് വീരമൃത്യു വരിച്ചത്.








