ബംഗലൂരു: മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകൾ നടത്താൻ അനൂപ് മുഹമ്മദിനെ മറയാക്കി നീക്കങ്ങൾ നടത്തിയത് ബിനീഷ് കോടിയേരിയെന്ന് എൻഫോഴ്സ്മെന്റ്. മയക്കുമരുന്ന് കേസിൽ പിടിയിലായ മുഹമ്മദ് അനൂപിനെ ബിനാമിയാക്കി കമ്പനികൾ തുടങ്ങിയത് ബിനീഷ് കോടിയേരിയാണ്. ഈ ബിസിനസ് മറയാക്കി ബിനീഷ് കള്ളപണം വെളുപ്പിച്ചുവെന്നും എൻഫോഴ്സ്മെന്റ് കണ്ടെത്തി.
കള്ളപ്പണ നിരോധന നിയമത്തിലെ നാലും അഞ്ചും വകുപ്പുകൾ ചേർത്താണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബിനീഷിനെതിരെ കേസെടുത്തിരിക്കുന്നത്. ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. വിവിധ അകൗണ്ടുകളിൽ നിന്നായി നിരവധി തവണ അനൂപിന്റെ അക്കൗണ്ടിലേക്ക് പണമെത്തിയതായി ഇഡി കണ്ടെത്തി. ഈ അക്കൗണ്ടുകളിൽ പലതും ഇപ്പോൾ സജീവമല്ല.
അനൂപ് മുഹമ്മദിന്റെ ഷെൽ കമ്പനികളും അന്വേഷണത്തിന്റെ പരിധിയിലുണ്ട്. 2015 ൽ തുടങ്ങിയ ബി കാപിറ്റലും, എവിജെ ഹോസ്പിറ്റാലിറ്റീസും അന്വേഷണത്തിന്റെ പരിധിയിൽ വരുന്നുണ്ട്. കടലാസ് കമ്പനികൾ തുടങ്ങി, മയക്കുമരുന്ന് കച്ചവടത്തിന് മറയാക്കിയതായി എൻഫോഴ്സ്മെന്റ് സംശയിക്കുന്നു. 2015ൽ രജിസ്റ്റർ ചെയ്ത ബി ക്യാപിറ്റൽസ് 2018ൽ പൂട്ടിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ തുടങ്ങിയ എവിജെ ഹോസ്പിറ്റാലിറ്റീസ് എന്ന സ്ഥാപനം മെയ് മാസത്തിൽ പൂട്ടിയിരുന്നു. അനൂപിന്റെ അക്കൗണ്ടിലേക്ക് വന്ന പണത്തെ കുറിച്ചും ബെംഗളൂരുവിൽ ബിനീഷ് തുടങ്ങിയ കമ്പനികളെ കുറിച്ചും ഇഡി അന്വേഷിക്കും.
അതേസമയം സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യൽ ആരംഭിച്ചതായാണ് വിവരം. ബിനീഷിനെ വിത്സൺ ഗാർഡൻ പൊലീസ് സ്റ്റേഷനിൽ നിന്നും ചോദ്യം ചെയ്യലിനായി എൻഫോഴ്സ്മെന്റ് ഓഫീസിലെത്തിച്ചിട്ടുണ്ട്.
ചോദ്യം ചെയ്യലിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് ബിനീഷിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തും. കസ്റ്റഡി അവസാനിക്കുന്ന ദിവസം വിശദമായ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും. പൊലീസ് സ്റ്റേഷനിലായിരുന്നു ബിനീഷ് ഇന്നലെ രാത്രി ചെലവഴിച്ചത്. മയക്കുമരുന്ന് കേസ് ആദ്യം രജിസ്റ്റർ ചെയ്ത നാർക്കോട്ടിക്ക്സ് കണ്ട്രോൾ ബ്യൂറോയും ഇന്ന് എൻഫോഴ്സ്മെന്റിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും.
Discussion about this post