മുസാഫർനഗർ: ഗംഗയുടെ ആഴങ്ങളിൽ മുങ്ങിത്താഴുന്ന മനുഷ്യജീവനെ കോരിയെടുക്കാൻ മുന്നും പിന്നും നോക്കാതെ ആദ്യമായി ഊളിയിടുമ്പോൾ ശ്രാവൺ കുമാർ എന്ന ബാലന് പ്രായം വെറും പന്ത്രണ്ട് വയസ്സായിരുന്നു. ഇന്ന് ഇരുപത്തിരണ്ടാം വയസ്സിൽ എത്തി നിൽക്കുന്ന ഈ യുവാവ് കഴിഞ്ഞ പത്ത് വർഷത്തിനിടെ ഗംഗയുടെ ആഴങ്ങളിൽ നിന്നും തിരികെ ജീവിതത്തിലേക്ക് കൊണ്ടു വന്നത് നൂറിലധികം മനുഷ്യരെയായാണ്.
മുസാഗർനഗറിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രമായ ശുക്രതാൽ പീഠത്തിൽ പൂജാപുഷ്പങ്ങളുടെയും പ്രസാദത്തിന്റെയും വിൽപ്പനയാണ് ശ്രാവൺ കുമാറിന്. മുന്നിൽ പൂജാപുഷ്പങ്ങളും പ്രസാദവും നിരത്തി വെച്ചിരിക്കുമ്പോഴും ശ്രാവൺ ദൃഷ്ടി ഉറപ്പിച്ചിരിക്കുന്നത് ഗംഗയിലാണ്. ബോധപൂർവ്വമോ അബദ്ധത്തിലോ മുങ്ങിമരണത്തിലേക്ക് പോകുന്നവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരുന്നത് ദൈവദത്തമായ ഒരു നിയോഗമായി ഈ ചെറുപ്പക്കാരൻ കരുതുന്നു.
നിത്യരോഗിയായ പിതാവിനെ സഹായിക്കാൻ വേണ്ടി എട്ടാം വയസ്സിൽ പഠനമുപേക്ഷിച്ചതാണ് ശ്രാവൺ കുമാർ. രക്ഷാപ്രവർത്തനത്തിനായി വെള്ളത്തിലേക്ക് ചാടുമ്പോൾ സമയം അമൂല്യമാണെന്ന് അദ്ദേഹം പറയുന്നു. ഒരു നിമിഷത്തെ അമാന്തം ചിലപ്പോൾ ഒരൂ ജീവൻ തന്നെ നഷ്ടപ്പെടുത്തിയേക്കാം. അപകടവും ആത്മഹത്യാ ശ്രമവും തമ്മിലുള്ള വ്യത്യാസം അനുഭവത്തിന്റെ വെളിച്ചത്തിൽ തനിക്ക് തിരിച്ചറിയാൻ കഴിയുമെന്നും ശ്രാവൺ പറയുന്നു.
പലപ്പോഴും വെള്ളത്തിലേക്ക് ചാടുമ്പോൾ മൊബൈൽ ഫോണുകളും പണവും നഷ്ടമാകാറുണ്ട്. പോക്കറ്റിൽ നിന്നും അവ എടുത്ത് മാറ്റാനുള്ള സമയം പോലും നിർണ്ണായകമാണ്. ഒരു മനുഷ്യജീവൻ രക്ഷപ്പെടുത്തുമ്പോൾ കിട്ടുന്ന പുണ്യത്തിന് മുന്നിൽ നഷ്ടങ്ങൾ നിസ്സാരമാണെന്ന് ശ്രാവൺ പറയുന്നു. ദൈവദത്തമായ ഒരു നിയോഗമാവാം തന്റേതെന്നും അദ്ദേഹം വിശ്വസിക്കുന്നു.
രക്ഷപ്പെടുത്തിയവരിൽ പലരും വർഷം തോറും മുടങ്ങാതെ കാണാൻ വരാറുണ്ട്. ധനികരായ പലരും പാരിതോഷികങ്ങളുമായാണ് വരാറ്. എന്നാൽ അവരെയൊക്കെ നിറഞ്ഞ ചിരിയോടെ സ്വാഗതം ചെയ്യുന്ന ശ്രാവൺ പാരിതോഷികങ്ങൾ നിരസ്സിക്കാറാണ് പതിവ്. മനുഷ്യജീവന് പ്രതിഫലം വാങ്ങിയാൽ പിന്നെ ഈശ്വരന്റെ പ്രസാദത്തിൽ സ്പർശിക്കുവാനുള്ള അർഹത തനിക്ക് നഷ്ടമാകുമെന്ന് ശ്രാവൺ കുമാർ പറയുന്നു.
ശ്രാവൺ ദൈവത്തിന്റെ പ്രതിപുരുഷനാണെന്നാണ് ശുക്രതാൽ പീഠത്തിലെ മഹാമണ്ഡലേശ്വറിന്റെ അഭിപ്രായം. പലപ്പോഴും മരണവെപ്രാളത്താൽ മുങ്ങിത്താഴുന്നവർ ശ്രാവണെക്കൂടി പ്രവചനാതീതമായ അടിയൊഴുക്കിലേക്ക് വലിച്ചു കൊണ്ട് പോകാറുണ്ട്. എന്നാൽ അത്തരം ജീവന്മരണ സന്ദർഭങ്ങളെ പോലും അതീജിവിച്ച് ശ്രാവൺ രക്ഷാപ്രവർത്തനം തുടരുകയാണെന്ന് അദ്ദേഹം പറയുന്നു.
ശ്രാവൺ പൊലീസിന് വലിയ സഹായമാണ് ചെയ്യുന്നതെന്ന് മുസാഫർനഗർ എസ് പി അഭിഷേക് യാദവ് പറയുന്നു. ഗംഗയുടെ അടിയൊഴുക്കുകൾ ശ്രാവൺ കുമാറിന് മനപ്പാഠമാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. തന്റെ ചെറുമകൻ അനൂജ് സിംഗിനെ സ്വജീവൻ പണയപ്പെടുത്തി രക്ഷിച്ച ശ്രാവൺ, താൻ വാഗ്ദാനം ചെയ്ത സഹായം സ്നേഹപൂർവ്വം നിരസിച്ചതിൽ വിഷമമുണ്ടെന്ന് ശതകോടിശ്വരനായ കല്യാൺ സിംഗ് ബദൗരിയ പരാതിപ്പെടുമ്പോഴും ചുണ്ടിൽ പുഞ്ചിരിയും മനസ്സിൽ ഈശ്വര നാമജപങ്ങളും കൈയ്യിൽ പ്രസാദവുമായി ശ്രാവൺ കുമാർ ഗംഗയിൽ ദൃഷ്ടിയൂന്നുകയാണ്. ഏത് നിമിഷവും ഉയരാവുന്ന നിലവിളിയും പ്രാണന്റെ പിടച്ചിലും രക്ഷിച്ചെടുക്കാനുള്ള ദൈവനിയോഗം നെഞ്ചിൽ കാത്തുകൊണ്ട്.












